Spread the love

പത്തനംതിട്ട : പെൻഷൻ പദ്ധതിയിലെ ഉദ്യോഗസ്ഥ സമീപനത്തിൽ കടുത്ത ആശങ്കയും, ഓൺലൈൻ അംഗത്വവും സജീവ ചർച്ചയായി കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം.

ജനാധിപത്യത്തിന്റെ നെടുംതൂണായ മാധ്യമപ്രവർത്തകർക്ക് റിട്ടയർമെന്റി നുശേഷം തുണയായ സംസ്ഥാന സർക്കാരിന്റെ പെൻഷൻ പദ്ധതി ഒരു വിഭാഗം ഉദ്യോഗസ്ഥർ അട്ടിമറിക്കുകയാണെന്ന് പ്രതിനിധി സമ്മേളനത്തിൽ സംസാരിച്ച മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടി.

അപേക്ഷകൾക്കു മുകളിൽ കുറി ചാർത്തി അടയിരിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി സത്വര പരിഹാരം ഉണ്ടാക്കണമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.

പത്രപ്രവർത്തകർക്ക് കഴിഞ്ഞ 10 വർഷമായി പെൻഷൻ തുകയിൽ നാമമാത്ര വർദ്ധനയാണ് വരുത്തിയിട്ടുള്ളത്. എന്നാൽ മാധ്യമപ്രവർത്തകരുടെ പ്രതിമാസ അംശദായം വർദ്ധിപ്പിക്കുകയും ചെയ്തു. കാലഘട്ടത്തിനനുസരിച്ച് പെൻഷൻ ഇരുപതിനായിരം രൂപയെങ്കിലും ആക്കി വർദ്ധിപ്പിക്കണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

മംഗളം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ശമ്പള കുടിശ്ശിക, ഇതര തൊഴിൽ പ്രശ്നങ്ങൾ ഇവ പരിഹരിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കണമെന്ന് പ്രമേയവും സമ്മേളനം പാസാക്കി.

ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് യൂണിയൻ അംഗത്വം നൽകാനുള്ള നീക്കവും സമ്മേളനം ചർച്ച ചെയ്തു. കൃത്യമായ കർശന വ്യവസ്ഥകളോടെ മാത്രമേ അത്തരത്തിലുള്ള നടപടിയുമായി മുന്നോട്ടു പോകാവൂ എന്ന് സമ്മേളന പ്രതിനിധികൾ പറഞ്ഞു. സമ്മേളനത്തിൽ പുതിയ നീക്കത്തോട് കാര്യമായ എതിർപ്പ് ഉയർന്നില്ല.

എന്നാൽ പദ്ധതിയുമായി മുന്നോട്ടു പോകരുതെന്ന് ശഠിക്കുകയും അതിനായി മുറുകെ പിടിക്കുകയും ചെയ്ത ഒരു വിഭാഗം സമ്മേളനത്തിൽ ഒറ്റപ്പെട്ടു. മുൻ ജനറൽ സെക്രട്ടറിയുടെയും വനിതാ പ്രസിഡന്റിന്റെയും നേതൃത്വത്തിൽ ഉള്ള വിഭാഗമാണ് ഒറ്റപ്പെട്ടത്.

ഓൺലൈൻ മാധ്യമപ്രവർത്തകരെ രണ്ടാംകിട പൗരന്മാരായി കാണുന്ന ചില മാധ്യമപ്രവർത്തകരുടെ നിലപാട് കോട്ടയത്ത് നിന്നും സംസാരിച്ചവർ വിമർശിച്ചു. കോട്ടയം ജില്ലാ ജനറൽബോഡിയിൽ ഉണ്ടായ അനുഭവം വിവരിച്ചാണ് സംസാരിച്ചത്. പല മാധ്യമങ്ങളുടെയും ഭാവി അപകടത്തിലായ ഈ അവസരത്തിൽ പുതിയ തൊഴിൽ മേഖല എന്ന രീതിയിൽ ഡിജിറ്റൽ മാധ്യമങ്ങളെ കാണണമെന്ന് ഇവർ വാദിച്ചു. തിരുവനന്തപുരം , മലപ്പുറം, പാലക്കാട്, എറണാകുളം, കൊല്ലം പ്രസ് ക്ലബ്ബുകളിലെ ഒരു വിഭാഗവും ഇതിനെ പിന്തുണച്ചു.

സൂര്യ ന്യൂസ് ഓൺലൈൻ ചീഫ് എഡിറ്റർ രാജു ആനിക്കാട്, ബെന്നിച്ചൻ സി.ടി ( ദീപിക ) എന്നിവരാണ് പ്രധാനമായും കോട്ടയത്തു നിന്നും ചർച്ചയിൽ ഇടപെട്ട് സംസാരിച്ചത്.

അപകടത്തിൽ പെടുന്ന മാധ്യമപ്രവർത്ത കരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ നൽകുന്ന പദ്ധതി യൂണിയൻ സമ്മേളനത്തിൽ സംസാരിച്ച എല്ലാവരും തന്നെ അനുകൂലിച്ചു. കെ പി റെജിയും, സുരേഷ് എടപ്പാളും നേതൃത്വം നൽകുന്ന ഭരണസമിതിയുടെ ക്ഷേമ ജീവകാരുണ്യ പദ്ധതികൾ പ്രതിനിധികൾ എടുത്തു പറഞ്ഞു.

ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച പ്രതിനിധി സമ്മേളനം രാത്രി ജനറൽ സെക്രട്ടറിയുടെ മറുപടിയോടെയാണ് അവസാനിച്ചത്.