ന്യൂഡൽഹി: നടി പ്രത്യുഷയുടെ മരണത്തിൽ അന്തിമ വിധി പ്രസ്താവിച്ച് സുപ്രീം കോടതി. പ്രത്യുഷയുടേത് തെന്നിന്ത്യൻ സിനിമാ ലോകത്തെ തന്നെ പിടിച്ചുലച്ച മരണമായിരുന്നു. 2002 ൽ നടന്ന പ്രത്യുഷയുടെ മരണം ആത്മഹത്യയാണെന്ന കീഴ്ക്കോടതികളുടെ കണ്ടെത്തൽ സുപ്രീം കോടതി ശരി വച്ചു. കൊലപാതകം, ബലാത്സംഗം എന്നീ വാദങ്ങൾ തെളിവുകളുടെ അഭാവത്തിൽ കോടതി തള്ളിക്കളഞ്ഞു.
കൊലപാതക ആരോപണങ്ങൾ തെളിയിക്കാനായില്ലെങ്കിലും, ആത്മഹത്യാ ഉടമ്പടിയിൽ രക്ഷപ്പെടുന്ന പങ്കാളി നിയമപരമായി കുറ്റക്കാരനാണെന്ന് കോടതി വ്യക്തമാക്കി. വിദേശത്ത് സ്ഥിരതാമസമാക്കിയെന്ന് പറയപ്പെടുന്ന സിദ്ധാർത്ഥ് റെഡ്ഡി ഇനി ശേഷിക്കുന്ന ശിക്ഷാകാലാവധി പൂർത്തിയാക്കാൻ ജയിലിൽ കഴിയേണ്ടി വരും.
23 വർഷം മുൻപ് നടന്ന സംഭവത്തിലാണ് നടിയുടെ കാമുകനായിരുന്ന സിദ്ധാർത്ഥ റെഡ്ഡിയോട് കീഴടങ്ങാൻ സുപ്രീം കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. കേസിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിന് സിദ്ധാർത്ഥ റെഡ്ഢിക്ക് തടവുശിക്ഷ വിധിച്ചിരുന്നു കോടതി.
2002 ഫെബ്രുവരി 23 നാണ് പ്രത്യുഷയെയും സിദ്ധാർത്ഥിനെയും വിഷം കഴിച്ച നിലയിൽ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരുടെയും വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാത്തതിനാൽ ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു സിദ്ധാർത്ഥിന്റെ വാദം. ചികിത്സയിലിരിക്കെ പ്രത്യുഷ മരണപ്പെട്ടെങ്കിലും സിദ്ധാർത്ഥ് രക്ഷപ്പെട്ടു. എന്നാൽ തന്റെ മകളെ സിദ്ധാർത്ഥും സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചു കൊന്നതാണെന്നും അന്നത്തെ രാഷ്ട്രീയ ഉന്നതരുടെ മക്കൾക്ക് ഇതിൽ പങ്കുണ്ടെന്നും അമ്മ സരോജിനി ദേവി ആരോപിച്ചിരുന്നു.
1988ൽ തെലുങ്ക് സൂപ്പർതാരം മോഹൻ ബാബുവിന്റെ ഒപ്പം സിനിമാ ജീവിതം ആരംഭിച്ച നടിയാണ് പ്രത്യുഷ. തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ അവർ സജീവമായി. നന്നേ ചെറുപ്പത്തിൽ പിതാവിനെ നഷ്ടമായ പ്രത്യുഷ ജ്യേഷ്ഠന്റെ തണലിൽ വളർന്നു. സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത പ്രത്യുഷ ‘മിസ് ലവ്ലി സ്മൈൽ’ പട്ടം നേടിയതോടു കൂടി അവരുടെ പുഞ്ചിരിക്ക് നിരവധി ഫാൻസ് ഉണ്ടായി. ഇതിനു പിന്നാലെ അവർക്ക് സിനിമയിൽ നിന്നും ഓഫറുകൾ നിരവധി വന്നുചേർന്നു. ‘മനു നീതി’, ‘സൂപ്പർ കുറ്റം’, ‘താവസി’, ‘കടൽ പൂക്കൾ’ പോലുള്ള തമിഴ്, തെലുങ്ക് സിനിമകളിൽ അവർ അഭിനയിച്ചു. വളരെ പെട്ടെന്നാണ് സിനിമയിൽ തിളങ്ങിനിൽക്കവേ പ്രത്യുഷയുടെ ജീവിതം അവസാനിച്ചത്

