തൃശൂര്‍ : കുപ്രസിദ്ധമായ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പോലീസ് മര്‍ദനം. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും പരിഹാരമുണ്ടായില്ലെങ്കില്‍ പ്രത്യക്ഷസമരത്തിന് പോകേണ്ടി വരുമെന്നും ഏരിയ സെക്രട്ടറി കെ.കൊച്ചനിയന് വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ പോലീസ് സ്റ്റേഷനില്‍ വച്ച് ക്രൂര മര്‍ദനത്തിനിരയാക്കിയത് ഈയിടെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സുജിത്ത് മാസങ്ങള്‍ നീണ്ട ചികിത്സയിലായിരുന്നു.
നിയമസഭയ്ക്കകത്തും പ്രതിഷേധമിരമ്പിയ ഈ സംഭവം സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ കോണ്‍ഗ്രസ് ആയുധമാക്കി. സുജിത്ത് വിഷയത്തില്‍ കാര്യമായ പ്രതികരണത്തിലേക്ക് കടക്കാതെ അടവുനയം പ്രയോഗിച്ച സിപിഎമ്മിനു പക്ഷേ, ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരസ്യപ്രതികരണം തന്നെ നടത്തി. കുറുക്കന്‍പാറയില്‍ വച്ചാണ് ബ്രാഞ്ച് സെക്രട്ടറി രജീഷ് അടക്കമുള്ളവര്‍ക്കെതിരെ പോലീസ് തിരിഞ്ഞത്. പ്രാദേശിക പെരുന്നാള്‍ കമ്മിറ്റിയുടെ ആഘോഷം നടന്നു കൊണ്ടിരിക്കുമ്പോള്‍ പുലര്‍ച്ചെ മൂന്നോടെ ഇവിടെ എത്തിയ പോലീസുകാര്‍ രജീഷ് അടക്കമുള്ളവരെ മര്‍ദിച്ചെന്നാണു സിപിഎം ആരോപണം. നിരപരാധികള്‍ക്കെതിരെയാണ് ആക്രമണമെന്നും പ്രദേശത്ത് സംഘര്‍ഷം ഉണ്ടായിരുന്നില്ലെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു.
കോട്ടയത്ത് കടുത്തുരുത്തി ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ പരസ്യമായ കയ്യേറ്റവും മര്‍ദനവും വാര്‍ത്തയായിരുന്നു. പക്ഷേ ഇതുവരെ ഒരു നടപടിയും ബന്ധപ്പെട്ടവര്‍ എടുത്തില്ല.

