ഡല്‍ഹി വിദ്യാര്‍ഥി സമരം: അശ്ലീല പരാമര്‍ശത്തില്‍ ടി.ജി മോഹന്‍ദാസിനെതിരെ കേസ്
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് സമരം നടത്തിവര്‍ക്കെതിരെ അശ്ലീല, അധിക്ഷേപ പരാമര്‍ശത്തില്‍ ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസിനെതിരെ പോലീസ് കേസെടുത്തു. എഐവൈഎഫ് നേതാവ് ജിസ്മോന്റെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ മോഹന്‍ദാസിനെതിരെ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തു.
അന്വേഷണച്ചുമതലയുണ്ടായിരുന്ന ഐജി പി പ്രകാശിന് കഴിഞ്ഞ ദിവസമാണ് പരാതികള്‍ ലഭിച്ചത്. തുടര്‍ന്ന് കേസെടുക്കാന്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. അധിക്ഷേപം, കലാപ ആഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
എഐവൈഎഫിന് പുറമെ എസ്എഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് തുടങ്ങിയവരും മോഹന്‍ദാസിനെതിരെ പരാതി നല്‍കിയിരുന്നു. തനിക്ക് അവസരം ലഭിച്ചിരുന്നെങ്കില്‍ പ്രതിഷേധക്കാര്‍ക്ക് പിരിഞ്ഞുപോകാനായി മൂന്നുതവണ അവസരം നല്‍കുമായിരുന്നെന്നും അതവര്‍ അനുസരിച്ചില്ലെങ്കില്‍ വെടിവച്ചുകൊല്ലുമായിരുന്നെന്നുമായിരുന്നു മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശം. സ്ത്രീകള്‍ക്കെതിരെയും മോഹന്‍ദാസ് വിവാദപരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മോഹന്‍ദാസിനെതിരെ ഉടന്‍ കേസെടുക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടിരുന്നു. അശ്ലീലം പ്രചരിപ്പിക്കുന്ന ടി ജി മോഹന്‍ദാസിനെതിരെ ഒട്ടും വൈകാതെ കേസെടുക്കണം. ഇതൊരു വിഷമാണ്. സമൂഹത്തില്‍ വിഷം പടര്‍ത്തുന്നതിന് ബോധപൂര്‍വം ശ്രമം നടക്കുകയാണ് ഷാനിമോള്‍ പറഞ്ഞു

