Spread the love

കോഴിക്കോട് ∙ കോവൂർ–വെള്ളിമാടുകുന്ന് റോഡിൽ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കണ്ണൂർ സൗത്ത് കല്യാശ്ശേരി സ്വദേശി സംജാദ് (21) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെ ഇരിങ്ങാടൻ പള്ളിക്കും വെള്ളിമാടുകുന്നിനും ഇടയിലെ ജനകീയ റോഡ് ജംക്‌ഷനിലായിരുന്നു അപകടം.

റോഡരികിലേക്ക് ബൈക്ക് തിരിക്കുന്നതിനിടെ എതിർദിശയിൽ അമിതവേഗത്തിലെത്തിയ മറ്റൊരു ബൈക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ഗുരുതരമായി പരിക്കേറ്റ സംജാദ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.

അപകടത്തിൽ റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ ബൈക്കിലുണ്ടായിരുന്ന അമൻദാസ്, റിഹാൻ എന്നിവർക്കും പരിക്കേറ്റു. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.

ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.