ഒറ്റക്കാലിലെ കൊലുസ്സ് .
ബിജു പവിത്രൻ.

രമ്യ തുറവൂരിന്റെ പതിയാത്ത കാൽപ്പാടുകൾ എന്ന ആത്മകഥയ്ക്ക് ഒരു ആസ്വാദനക്കുറിപ്പ്….
ഒരു ദിവ്യാംഗ പൂർണ്ണാoഗ രായ ആയിരങ്ങളെ ജീവിത പോരാട്ടത്തിന് സജ്ജരാക്കാൻ പ്രേരിപ്പിക്കുന്ന ഔഷധ ഗുണമുള്ള വാക്കുകൾ നിറച്ച പുസ്തകമാണ് പതിയാത്ത കാൽപ്പാടുകൾ. ഇതാണ് ഇന്നിന്റെ ഏറ്റവും വലിയ രാഷ്ട്രീയo.. ഈ പുസ്തകം വായിച്ചു തുടങ്ങുന്നതിന് മുൻപ് ലോകത്തെ ഏറ്റവും വലിയ വേദനയും ദുഃഖവും അനുഭവിക്കുന്ന വ്യക്തി ഞാനാണ് എന്നായിരുന്നു എന്റെ ധാരണ.ആ തെറ്റിദ്ധാരണ മാറി കിട്ടി.അല്ല രമ്യ അത് മാറ്റി തന്നു.
കാലം മായ്ച്ചിട്ടും മായാതെ കിടക്കുന്ന ഒരുപാട് നൊമ്പര കഥകളാൽ മാല കോർത്ത, ഇതര ജീവിതങ്ങളുടെ കഥകൾ കൂടിയാണ് ഈ പുസ്തകം.. ഇത് വായിച്ച് തീരുമ്പോൾ കരളിൽ എവിടെയോ കദനത്തിന്റെ ഒരുപാട് കാൽപ്പാടുകൾ പതിഞ്ഞു കിടപ്പുണ്ട്… രമ്യ നടന്നുപോയ ഭാരമുള്ള മരക്കാലുകൾ ഇപ്പോഴും ഒരു ഹൃദയ വേദനയായി അവശേഷിക്കുന്നു. പച്ചയായി പകർത്തിയ പകൽവെളിച്ചം പോലുള്ള സത്യങ്ങൾക്ക് നൂറ് മാർക്ക്. കുട്ടിക്കാലത്തെ നിഷ്കളങ്കത, കൗമാരകാല ആകുലതകൾ, വിവാഹ ജീവിതത്തിന്റെ തിക്താനുഭവങ്ങൾ, ഒറ്റപ്പെടലിന്റെ അസഹനീയത,ഇടoകാൽ ശൂന്യതയുടെ നികത്താനാവാത്ത വാസ്തവികത.. കൃത്രിമമല്ലാത്ത പദപ്രയോഗങ്ങളിലൂടെ ലളിതമായ ഒരു നോവലിന്റെ നൈര്മല്യ ത്തിലൂടെ വായന ശീലത്തെ പരിപോഷി പ്പിക്കുന്ന തരത്തിലുള്ള അവതരണം.
പച്ചയ്ക്ക് ചുട്ടെടുത്ത പോലെ ജീവിതം അങ്ങനെ പൊട്ടിമലരുമ്പോൾ വേദനകൾ ഏറ്റെടുക്കാൻ ഒരു ദൈവവും വന്നില്ല… നെഞ്ചിനും കണ്ണിനും താങ്ങാൻ ആവുന്നതിലേറെ സങ്കടങ്ങൾ വഹിക്കുന്നവർക്ക് അതിനെ മറികടക്കാനുള്ള മാന്ത്രിക വിദ്യ സ്വന്തം അനുഭവങ്ങളുടെ കടലാഴങ്ങളിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങളിലൂടെ നമ്മോട് പറഞ്ഞുതരുന്ന കഥാകാരി. അവഗണനയുടെ ചാട്ടവാറടിയേറ്റ് പുളഞ്ഞു കരഞ്ഞ നാളുകളെ മറക്കാനും മറികടക്കാനും സഹായിച്ച സൗഹൃദം എന്ന സ്വർഗ്ഗ വാതിലിൽ കൈപിടിച്ചവർ, മനുഷ്യ ബന്ധങ്ങളുടെ മാസ്മരികതയുടെ തെളിവാകുന്നു. മനുഷ്യ സ്നേഹത്തിന്റെ നന്മകളെ പേരറിയാത്ത ദൈവമായി കണ്ട് ദൈവ സങ്കല്പത്തിന് പുതിയ മാനങ്ങൾ കണ്ടെത്തുന്നു. വലിയ വലിയ സന്തോഷങ്ങൾക്കായി നമ്മൾ കാത്തിരിക്കേണ്ടതില്ല എന്ന് പുസ്തകത്തിൽ സൂചന നൽകുന്നുണ്ട് സ്വന്തം മനസ്സിനെ ആഹ്ലാദിപ്പിക്കുന്ന എന്തിനെയും ഉള്ളറിഞ്ഞ് ആഘോഷിക്കാം. ഒറ്റക്കാലിൽ കൊലുസ്സണിഞ്ഞ് ഒരു രാത്രി മുഴുവൻ മതിമറന്ന് ആഘോഷിക്കുന്നതിന്റെ ചിത്രം മനസ്സിൽ നിന്നും മായുന്നില്ല. സത്യസന്ധമായി തുറന്നെഴുതിനുള്ള പെൺ ധൈര്യമാണ് ഏറ്റവും കൂടുതൽ ആകർഷിച്ചത്. മറ്റുള്ളവരുടെ കഥ പറയുന്നതുപോലെയല്ല, സ്വന്തം കഥ പറയുന്നത്. പലതും മറച്ചുവയ്ക്കാം മാറ്റിപ്പറയാം എന്നാൽ അരുതായ്മകളുടെ അതിർവരമ്പുകൾ ഭേദിച്ചു പോകുന്ന പല സന്ദർഭങ്ങളും ഈ പുസ്തകത്തിലുണ്ട്. സ്ത്രീകളെ കേവലം ഉപഭോഗ വസ്തുവായി മാത്രം കാണുന്ന സമൂഹത്തെ തുറന്നു കാണിക്കുന്ന വർത്തമാനകാല നേർ ചിത്രങ്ങൾ ഇതിലുണ്ട്. മരണത്തിൽ നിന്നും ജീവിതത്തിലേക്ക് അവഗണനയോടെ എടുത്തറിയപ്പെട്ട അനാവശ്യ ജന്മത്തിന്റെ നൊമ്പരം നമ്മുടെ ഹൃദയ കോണുകളിൽ കുഴിച്ചിട്ട കാവ്യാത്മക രചനയിൽ, ജീവിതം നെടുകെ പിളർന്നു പോയവളോടുള്ള ഐക്യദാർഢ്യം ഞാൻ ഇവിടെ കുറിക്കുന്നു. വേദനയുടെ അവിശ്വസനീയ യാഥാർത്ഥ്യങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കുമ്പോൾ ഇല്ലാക്കാലിന്റെ വേദന വരികളിലും വാക്കുകളിലും മാത്രം ഒതുങ്ങി നിൽക്കുന്നില്ല. മരണമോ ജീവിതമോ എന്ന തെരഞ്ഞെടുപ്പിൽ പലപ്പോഴും “മരണം” എന്ന ഉത്തരം. അതിനെ മറികടക്കാനുള്ള ജീവിതം എന്ന മനോഹരമായ പ്രേരണ ; ആഹാ….. എത്ര മഹത്തരമായ നിശ്ചയദാർഢ്യം. അതിന് പ്രേരണയാകുന്നവരുടെ സുന്ദരമായ സ്നേഹ സ്പർശം. വീർത്തു പൊട്ടുന്ന സ്വർണ്ണ കുമിളകൾ പോലെ ആ രാത്രി ഞാൻ പാറിപ്പ റന്നുനടന്നു എന്ന ആദ്യ ലൈംഗിക ബന്ധത്തെ ഇത്ര മനോഹരമായി തുറന്നെഴുതിയ ആത്മവിശ്വാസത്തെ പൂർണമായും പിന്തുണയ്ക്കുന്നു. എഴുത്തിന്റെയും വായനയുടെയും സൂക്കേട് ഉള്ളവരെ മാത്രം പിടിപെടുന്ന ഒരു ബാധയുണ്ട്. അനുഭവത്തിലൂടെ മാത്രം അറിയാവുന്ന “നൊസ്സ് “എന്ന ഉന്മാദാവസ്ഥ. എഴുത്തുകാരി പലവട്ടം ഈ അവസ്ഥയിലൂടെ കടന്നു പോകുന്നതായി വിവരിക്കുന്നുണ്ട്. വായനയിലൂടെ കടന്നുപോകുമ്പോൾ ഉള്ളു പൊള്ളിച്ച ജീവിക്കുന്ന കഥാപാത്രങ്ങൾ…കുട്ടിയമ്മ,, മനു…ഹരി സാർ …ഡെൽന… അങ്ങനെ ഒരുപാട് പേർ നമ്മുടെ ഉള്ളിലൂടെ നിരന്തരം നടന്നു നടന്നു പോകുന്നതായി ഓരോരുത്തർക്കും അനുഭവപ്പെടും .തീർച്ച.
ചുറ്റുമുള്ള അവരെല്ലാവരും നിന്നെ മാത്രം വിശ്വസിച്ച് ജീവിതം ചിട്ടപ്പെടുത്തുമ്പോൾ ഞാനിപ്പോഴും നിന്നെയോർത്ത് ആശയക്കുഴപ്പത്തിലാണ്. ദൈവമേ… നീ ഉണ്ടോ ഇല്ലയോ എന്നത് അജ്ഞാതമാണ്.
അഥവാ ഉണ്ടെങ്കിൽ ഒരിക്കൽ പോലും മുന്നിൽ വരാതിരിക്കുക.
വന്നാൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാവാതെ നീ കുഴയും, നിന്റെ നീതിക്ക് മനുഷ്യവംശവുമായി ഒരു ബന്ധവുമില്ല എന്ന് തെളിയും. എന്ന് ദൈവത്തോട് പറയുന്നിടത്ത് ആ സങ്കൽപ്പത്തോട് ആഴത്തിലുള്ള അവിശ്വസനീയത രേഖപ്പെടുത്തി വയ്ക്കുന്നു.. തീഷ്ണാനുഭവങ്ങളുടെ തീപ്പൊരികൾ നമ്മുടെ തലച്ചോറിലേക്ക് വാരി വിതറുമ്പോൾ ചിന്താമണ്ഡലത്തിൽ അതിന്റെ അല യൊലികൾ കാലങ്ങളോളം പുകഞ്ഞു കൊണ്ടിരിക്കും. പ്രണയവും സ്നേഹവും മറ്റു ലഹരികൾക്ക് വഴിമാറുമ്പോഴും…”ഞാൻ നിന്നെ തേടി വരും” എന്ന പ്രത്യാശയും ആത്മവിശ്വാസവും നിറഞ്ഞ ശുഭപ്രതീക്ഷാ വാചകത്തോടെയാണ് പുസ്തകം അവസാനിക്കുന്നത്.
(published as received )

