മക്കളായ നിലയ്ക്കും നിതാരയ്ക്കുമൊപ്പമുള്ള മനോഹര ചിത്രങ്ങൾ പങ്കുവച്ച് നടിയും അവതാരകയുമായ പേളി മാണിയുടെ ഹൃദയസ്പർശിയായ കുറിപ്പ്. മക്കളാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നും അവരുടെ വളർച്ചയ്ക്കൊപ്പം നടക്കാൻ കഴിയുന്നത് അനുഗ്രഹമാണെന്നും പേളി കുറിപ്പിൽ പറയുന്നു.
നിബന്ധനകളില്ലാത്ത സ്നേഹമാണ് ദൈവത്തോട് താൻ ചോദിച്ചതെന്നും അതിന് പകരമായി രണ്ട് മാലാഖമാരെ മക്കളായി ലഭിച്ചെന്നും പേളി പറയുന്നു. മക്കൾ വന്നതോടെ തന്റേതായൊരു ചെറിയ ലോകം തന്നെ രൂപപ്പെട്ടതായും ആ ലോകത്തിന് ആകാശം മുതൽ പുല്ലിൻനാമ്പുകൾ വരെ കൂടുതൽ മനോഹരമായ നിറങ്ങളാണെന്നും താരം കുറിച്ചു.
ചെറിയ കുഞ്ഞുടുപ്പുകളും, ചീകിയൊതുക്കാത്ത മുടിയും, ഉറക്കെയുള്ള ചിരികളും, തീരാത്ത ചോദ്യങ്ങളും, അവിചാരിതമായ കെട്ടിപ്പിടുത്തങ്ങളും, കൊച്ചു വഴക്കുകളും, വലിയ വികാരങ്ങളും നിറഞ്ഞൊരു ലോകം… ഒപ്പം, എന്റെ ശരീരത്തിന് പുറത്ത് നടന്നുനീങ്ങുന്ന എന്റെ ഹൃദയം തന്നെയാണ് അവരെന്നറിയാത്ത രണ്ട് കൊച്ചു പെണ്‍കുട്ടികളും.
ചിലപ്പോള്‍ അവരെ നോക്കുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടാറുണ്ട്…എങ്ങനെയാണ് എനിക്കിത്രയും ഭാഗ്യം ലഭിച്ചത്? അവര്‍ വളരുന്നത് കാണാന്‍… അവരുടെ കൊച്ചു കൊച്ചു വലിയ ജീവിതങ്ങളില്‍ കരംപിടിച്ചു കൂടെനടക്കാന്‍… സാധാരണ ദിവസങ്ങളെപ്പോലും മാന്ത്രികമാക്കുന്ന
രണ്ട് കൊച്ചു മാലാഖമാര്‍. എന്റെ ജീവിതത്തിലെ ഒരു അധ്യായം എന്നെന്നേക്കുമായി ഫ്രീസ് ചെയ്തുവെക്കാന്‍ സാധിക്കുമെങ്കില്‍, അത് ഈ നിമിഷം പോലെയിരിക്കും’ എന്നാണ് പേളി കുറിച്ചത്.

