Spread the love

ദില്ലി: യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയിലെ വിമാനത്താവളങ്ങളെ ലക്ഷ്യമിട്ട്നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികൾ റിയാദിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ കമ്പനികളാണ് ഒക്ടോബർ 10 വരെയുള്ള തങ്ങളുടെ റിയാദ് സർവീസുകൾ നിർത്തിവെച്ചതായി പ്രഖ്യാപിച്ചത്. മേഖലയിലെ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം മുൻനിർത്തിയാണ് തീരുമാനം.

 

ആക്രമണ വാർത്തകൾ പുറത്തുവന്നതോടെ ദില്ലിയിൽ നിന്ന് റിയാദിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം (AI2243) യാത്ര മധ്യേ അടിയന്തരമായി ദില്ലിയിലേക്ക് തന്നെ തിരിച്ചുവിട്ടു. ഗുജറാത്തിന് മുകളിലൂടെ അറബിക്കടലിലേക്ക് പ്രവേശിക്കാനിരിക്കെയാണ് പൈലറ്റുമാർ വിമാനം യു-ടേൺ അടിച്ച് തിരികെ കൊണ്ടുപോയത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് എയർലൈനുകൾ സർവീസുകൾ പെട്ടെന്ന് നിർത്തിവെച്ചത്.

സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സുരക്ഷാ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഒക്ടോബർ 10ന് ശേഷം സർവീസുകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്നും എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വക്താക്കൾ അറിയിച്ചു.

അതേസമയം പെട്ടെന്നുണ്ടായ വിമാനം റദ്ദാക്കൽ മൂലം ബുദ്ധിമുട്ടിലായ യാത്രക്കാർക്കായി വിമാനക്കമ്പനികൾ ആശ്വാസ നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ടിക്കറ്റ് റദ്ദാക്കാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായി തിരികെ നൽകാനോ യാത്രക്കാർക്ക് അധിക നിരക്കുകൾ ഇല്ലാതെ തന്നെ മറ്റൊരു തീയതിയിലേക്ക് ടിക്കറ്റുകൾ സൗജന്യമായി മാറ്റി നൽകാനോ തയ്യാറാണെന്ന് വിമാനക്കമ്പനികൾ അറിയിച്ചു.