Spread the love

ഹോളേനരസിപുര: അമിതവേഗത ചോദ്യം ചെയ്ത വഴിയാത്രക്കാരായ യുവാക്കൾക്ക് മേൽ ആഡംബര കാർ ഓടിച്ചുകയറ്റി. കർണാടകയിലെ ഹോളേനരസിപുരയിലുണ്ടായ ഈ ക്രൂരതയിൽ മനു (22) എന്ന യുവാവ് തൽക്ഷണം കൊല്ലപ്പെട്ടു. പരിക്കേറ്റ മൂന്ന് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കർണാടകയിലെ ഹോളേനരസിപുരയിലാണ് സംഭവം. ഹോളേനരസിപുര ടൗൺ മുനിസിപ്പാലിറ്റി പരിധിയിലുള്ള സൂരനഹള്ളിക്ക് സമീപമാണ് ക്രൂരത. ചീറിപ്പാഞ്ഞ് പോയ കാർ തിരിച്ചെത്തി റോഡരികിൽ നിന്നവരുടെ മേലേയ്ക്ക് ഡ്രൈവർ വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. ഹാസൻ ആർടിഒയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്ത ടൊയോറ്റ ഫോർച്യൂണറിലെത്തിയ യുവാവാണ് വഴിയരികിൽ നിന്ന യുവാക്കളെ ഇടിച്ച് തെറിപ്പിച്ചത്.

സൂരനഹള്ളി സ്വദേശികളായ മനു, അഭിഷേക്, രാകേഷ്, കുശാൽ എന്നിവർ ശ്രീ ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇവർ റോഡരികിൽ നിന്ന് സംസാരിക്കുന്നതിനിടെയാണ് KA 01 MF 2883 എന്ന നമ്പറിലുള്ള കാർ അമിത വേഗത്തിൽ പാഞ്ഞുവന്നത്. ഇത് കണ്ട മനുവും സുഹൃത്തുക്കളും ഡ്രൈവറോട് വേഗത കുറയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ യുവാക്കൾ ഉപദേശിച്ചത് ഡ്രൈവർക്ക് ഇഷ്ടപ്പെട്ടില്ല. കുറച്ചുദൂരം മുന്നോട്ട് പോയ ശേഷം കാർ തിരിച്ച് അതിവേഗത്തിൽ വന്ന് റോഡരികിൽ നിന്ന നാലുപേരുടെയും മുകളിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. അപകടത്തിൽ മനുവിനൊപ്പം ഉണ്ടായിരുന്ന അഭിഷേക്, രാകേഷ്, കുശാൽ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ചികിത്സയ്ക്കായി ഹാസനിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അപകടമുണ്ടാക്കിയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഡ്രൈവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.