ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾക്കായുള്ള പാർലമെന്റിന്റെ സംയുക്ത സമിതി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്താനിരിക്കെ നിർണായക നീക്കവുമായി എൻഡിഎ. എൻഡിഎയ്ക്ക് ഭൂരിപക്ഷമുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ ആലോചനയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതിനായി കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിയമസഭകളെ പിരിച്ചുവിടുന്ന കാര്യം പരിഗണിക്കുകയാണെന്ന് ഇംഗ്ലീഷ് ദിനപത്രം റിപ്പോർട്ട് ചെയ്തു
എൻഡിഎ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിൽ 11 എണ്ണത്തിൽ 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വരുന്ന രണ്ട് വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ട്. എൻഡിഎ ഭരിക്കുന്ന ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭ തിരഞ്ഞെടുപ്പും നടക്കുന്നത്.
2034ൽ ലോക്സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പുകൾ നടത്തുന്നതിന് വഴിയൊരുക്കുന്ന ബില്ലുകൾ പരിഗണിക്കുന്നതിനായി 2024 ഡിസംബറിലാണ് സമിതി രൂപീകരിച്ചത്. ഈ സമിതി വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ചുവരികയാണ്. ഇതിനിടെയാണ് എൻഡിഎയുടെ നീക്കം. ഈ വർഷത്തെ ശീതകാല സമ്മേളനത്തിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത് സാധ്യമാക്കുന്നതിനായി സംസ്ഥാന നിയമസഭകൾ പിരിച്ചു വിട്ടേക്കാം.

