ഉമ്മന്‍ചാണ്ടിയുടെ മൂന്നാം അനുസ്മരണം 18ന്, കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിക്കും കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും ക്ഷണമില്ല
കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും, പുതുപ്പള്ളി നിയോജകമണ്ഡലത്തെ അഞ്ചു പതിറ്റാണ്ടിലേറെ തുടര്‍ച്ചയായി പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷികവും ജൂലൈ 18-ന് പുതുപ്പള്ളിയില്‍ സ്മൃതി ദിനമായി ആചരിക്കുമെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. അറിയിച്ചു.
18 ന് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ രാവിലെ 7.00-ന് വിശുദ്ധ കുര്‍ബാനയും, ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പ്രത്യേക ധൂപപ്രാര്‍ത്ഥനയും അനുസ്മരണ ചടങ്ങുകളും നടക്കും.ഓര്‍ത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസനാധിപന്‍ യൂഹാന്നോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും.
തുടര്‍ന്ന് രാവിലെ 9.00-ന് പുതുപ്പള്ളി കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെയും ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി അങ്കണത്തില്‍ പ്രത്യേകം സജ്ജീകരിച്ച വിശാലമായ പന്തലില്‍ സ്മൃതി സമ്മേളനവും പൊതുസമ്മേളനവും നടക്കും.
അതേ സമയം യുഡിഎഫ് അധികാരത്തിലെത്തിയ ശേഷമുളള ആദ്യ ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രിയോ കോണ്‍ഗ്രസിലെ ഇതര മന്ത്രിമാരോ ഇല്ലെന്നുളളത് ചര്‍ച്ചയായി. മുഖ്യമന്ത്രിയെ ക്ഷണിക്കാതിരുന്നതാണോ എന്ന് വ്യക്തമല്ല. അതേ ദിവസം മുഖ്യമന്ത്രി കോട്ടയത്ത് മറ്റു ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ സംഘടനാ സമിതികളിലൊന്നും പരിപാടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസിലെ ജില്ലയിലെ പ്രമുഖ നേതാവ് അറിയിച്ചു.
എ.ഐ.സി.സി. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓര്‍ത്തഡോക്‌സ് സഭ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. കേരള നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്, വിവിധ ജനപ്രതിനിധികള്‍, സാമൂഹിക, സാമുദായിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ നടപ്പിലാക്കുന്ന വിവിധ ജനക്ഷേമ പദ്ധതികളുടെ വിതരണവും ചടങ്ങില്‍ നടക്കും.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അഞ്ച് കുടുംബങ്ങള്‍ക്ക് നാല് സെന്റ് വീതം ഭൂമി അനുവദിക്കുന്നതിനുള്ള രേഖകള്‍ കൈമാറും.വിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തുന്ന 1,200 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. കൂടാതെ, പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ അനാഥാലയങ്ങളില്‍ ഭക്ഷണ വിതരണവും സംഘടിപ്പിക്കും.
യുവതലമുറയെ ലഹരിയുടെ പിടിയില്‍ നിന്ന് സംരക്ഷിക്കണമെന്ന ശക്തമായ സാമൂഹിക സന്ദേശത്തിന്റെ ഭാഗമായി പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ 114 സ്‌കൂളുകള്‍ക്ക് സൈക്കിളുകള്‍, ക്രിക്കറ്റ് കിറ്റുകള്‍, ഫുട്‌ബോളുകള്‍ എന്നിവ വിതരണം ചെയ്യും.ഇതോടൊപ്പം, ‘സ്‌പോര്‍ട്‌സിലൂടെ ലഹരിയില്‍ നിന്ന് മോചനം’ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജൂലൈ 17, 18, 19 തീയതികളിലായി അഖില കേരള ക്രിക്കറ്റ് ടൂര്‍ണമെന്റും സംഘടിപ്പിക്കുന്നുണ്ട്..കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 34 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 1,00,000-വും രണ്ടാം സമ്മാനമായി ?50,000-വും സമ്മാനമായി നല്‍കും.
ഉമ്മന്‍ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയവും നിസ്വാര്‍ത്ഥ ജനസേവനവും വികസനദര്‍ശനവും പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുകയും അദ്ദേഹത്തിന്റെ പാരമ്പര്യം കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പ്രതിജ്ഞ പുതുക്കുകയും ചെയ്യുന്ന വേദിയായിരിക്കും ഈ സ്മൃതി ദിനാചരണമെന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എ. അറിയിച്ചു.

