Spread the love

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതകക്കേസിൽ കൊടും കുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ഇരുഭാ​ഗങ്ങളുടേയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചത്.

അതേസമയം കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിവിധി. ജാമ്യവ്യവസ്ഥ ലംഘിച്ചാണ് ഇരട്ട കൊലപാതകം നടത്തിയത്. കൊലപാതകത്തിനുശേഷവും പ്രതിക്ക് കുറ്റബോധമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിഭാഗത്തിൻറെ വാദങ്ങളെല്ലാം കോടതി തള്ളി കളഞ്ഞു.

കുറഞ്ഞ ശിക്ഷ നൽകണമെന്നായിരുന്നു പ്രതിഭാഗത്തിൻറെ വാദം. വധശിക്ഷ നൽകണമെന്ന് പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടു. . കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 20 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊല്ലപ്പെട്ട സുധാകരൻറെ മക്കള്‍ക്ക് നൽകണം.

ചെന്താമരയ്ക്ക് മാനസികപ്രശ്നമില്ലെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് അറിഞ്ഞ ശേഷം പ്രതിയുടെ പ്രതികരണങ്ങള്‍ കോടതി വിധിയിൽ കോടതി പരാമര്‍ശിച്ചു. കോടതിമുറിയില്‍ ജഡ്ജിയെപ്പോലും വെല്ലുവിളിച്ച് അഹങ്കാരം കാട്ടിയ പ്രതിക്ക് നിയമം നല്‍കിയ കടുത്ത പ്രഹരമായി മാറി ഈ വിധിപ്രസ്താവം.

കേസില്‍ ഇരട്ടക്കൊലപാതക കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തിയപ്പോഴും യാതൊരുവിധ കുലുക്കവുമില്ലാതെയാണ് പ്രതി ചെന്താമര നിലകൊണ്ടത്. ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് പ്രതിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ജഡ്ജി ആവര്‍ത്തിച്ചു ചോദിച്ചപ്പോഴാണ് കോടതിമുറിയെത്തന്നെ അമ്പരപ്പിച്ച പ്രതികരണം ഉണ്ടായത്. ‘ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റൊരു ചെകിട് കൂടി കാട്ടിക്കൊടുക്കാന്‍ ഞാന്‍ ഗാന്ധിജിയല്ല, എന്നെ വേണമെങ്കില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചോളൂ’ എന്നായിരുന്നു പ്രതിയുടെ മറുപടി.