കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചി വില റെക്കോർഡിലേക്ക്. കോഴിത്തീറ്റയുടെ വിലക്കയറ്റം, ആഭ്യന്തര ഉൽപ്പാദനത്തിലെ കുറവ്, അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴിവരവിലെ വൻ ഇടിവ് എന്നിവയാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്. സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
കോഴിക്കോട്ടെ ഹോൾസെയിൽ-റീട്ടെയ്ൽ വിപണികളിലെ നിലവിലെ നിരക്കുകൾ:
ലൈവ് ചിക്കൻ (കിലോയ്ക്ക്): 290 – 300 രൂപ
ഡ്രസ്സ്ഡ് ചിക്കൻ (കിലോയ്ക്ക്): 350 – 450 രൂപ
ബോൺലെസ്സ് ചിക്കൻ (കിലോയ്ക്ക്): 510 രൂപ
ഇറച്ചിക്ക് പുറമെ സാധാരണക്കാരന്റെ ആശ്രയമായ കോഴിമുട്ടയ്ക്കും വില വർദ്ധിച്ചിട്ടുണ്ട്. ഇതുവരെ കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്ന മുട്ടയ്ക്ക് നിലവിൽ വിപണിയിൽ 8.50 രൂപ മുതൽ 9 രൂപ വരെയാണ് ഈടാക്കുന്നത്.
ഒരേസമയം കോഴിയിറച്ചിക്കും പോത്തിറച്ചിക്കും കടൽമത്തിക്കും വില വർദ്ധിച്ചത് സാധാരണ വീടുകളെ മാത്രമല്ല, ഹോട്ടലുകൾ, കാറ്ററിംഗ് ബിസിനസുകൾ എന്നിവയുടെ നടത്തിപ്പിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് പോത്തിറച്ചിക്ക് വില കൂടിയതിന് പിന്നാലെയാണ് കോഴിയിറച്ചി വിലയും ഇപ്പോൾ റെക്കോർഡ് നിരക്കിലെത്തിയിരിക്കുന്നത്.

