Spread the love

കോട്ടയം : കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ രാജ്യത്തെ തൊഴിലാളികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ ജീവനക്കാര്‍ എന്നിവരും നടത്തുന്ന പണിമുടക്ക് അര്‍ധരാത്രി മുതല്‍ ആരംഭിച്ചു. ഇന്ന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. കേരളത്തില്‍ സ്വകാര്യ ബസുകള്‍ ചൊവ്വാഴ്ച്ച തന്നെ പണിമുടക്കിരുന്നു. കെഎസ്ആര്‍ടിസി പണിമുടക്കില്ലെന്ന് മന്ത്രി പ്രഖ്യാപിച്ചുവെങ്കിലും നോട്ടീസ് നേരത്തെ നല്‍കിയിരുന്നതായി തൊഴിലാളി സംഘടനകള്‍ അറിയിച്ചു.ആശുപത്രി, പാല്‍, പത്രവിതരണം, വിനോദ സഞ്ചാര മേഖല എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി തടഞ്ഞു.

എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി, എച്ച്എംഎസ്, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയും കേരളത്തിലെ തൊഴില്‍ സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യമൊട്ടാകെ 25 കോടി തൊഴിലാളികള്‍ പണിമുടക്കില്‍ അണിചേരും.സംസ്ഥാനത്ത് എല്ലാ തൊഴില്‍ മേഖലകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക്, ഇന്‍ഷുറന്‍സ്, തപാല്‍, ടെലികോം തുടങ്ങിയ മേഖലകളിലും ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കും.

കടകമ്പോളങ്ങളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. സംഘടിത, അസംഘടിത, പരമ്പരാഗത മേഖലയിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും പെട്രോളിയം, പാചകഗ്യാസ് മേഖലയിലെയും തൊഴിലാളികളും ട്രക്ക്, ടാങ്കര്‍ മേഖലയിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെ പണിമുടക്കുമായി സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന സമിതി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇന്ന് രാവിലെ തിരുവനന്തപുരത്ത് രാജ്ഭവന് മുമ്പില്‍ 10,000 പേര്‍ പങ്കെടുക്കുന്ന കൂട്ടായ്മ നടക്കും. സമിതി ജനറല്‍ കണ്‍വീനര്‍ എളമരം കരീം ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം ജില്ലാകേന്ദ്രങ്ങളില്‍ 1,020 ഇടങ്ങളിലായി കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുമ്പില്‍ പ്രതിഷേധ പ്രകടനം നടക്കും. പണിമുടക്കിന് മുന്നോടിയായി ഇന്നലെ സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു. പണിമുടക്ക് വിളംബരജാഥകളും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.