Spread the love

ഗുരുവായൂര്‍ ദര്‍ശനത്തിന് ഭക്തരില്‍ നിന്നു പണം തട്ടിയെടുക്കുന്ന സോഷ്യല്‍ മീഡിയ, വാട്‌സാപ് കൂട്ടായ്മകള്‍ എന്നിവയ്‌ക്കെതിരെ നിയമനടപടി എടുക്കാന്‍ ഗുരുവായൂര്‍ ദേവസ്വം. ഇത്തരത്തില്‍ നേരിട്ടും ്അല്ലാതെയും പരാതികള്‍ ഉയര്‍ന്നതോടെയാണിത്.. ക്ഷേത്രത്തില്‍ തൊഴാനും വഴിപാടുകള്‍ നടത്താനും സൗകര്യങ്ങള്‍ ചെയ്യാമെന്നു പറഞ്ഞ് ഭക്തരില്‍ നിന്ന് പലരും പണം വാങ്ങുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ക്ഷേത്രദര്‍ശനത്തിനോ വഴിപാടുകള്‍ നടത്താനോ ദേവസ്വം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. തട്ടിപ്പു നടത്തുന്ന സംഘങ്ങളാണ് ഇതിനു പിന്നില്‍. വഞ്ചിതരായ ഭക്തര്‍ പരാതി നല്‍കണമെന്നും ദേവസ്വം ചെയര്‍മാന്‍ നിര്‍ദേശിച്ചു.

ഗുരുവായൂര്‍ കേന്ദ്രമായുള്ള യുട്യൂബ് ചാനലിന്റെ വാട്‌സാപ് കൂട്ടായ്മ ആലപ്പുഴ സ്വദേശിനി ഭക്തയില്‍ നിന്ന് 2024 സെപ്റ്റംബര്‍ 7ന് 9000 രൂപ തട്ടിയെടുത്തെന്ന പരാതി ദേവസ്വത്തിന് ലഭിച്ചു. ക്ഷേത്രത്തില്‍ കളഭച്ചാര്‍ത്ത് വഴിപാട് നടത്താനായിട്ടാണ് പണം നല്‍കിയത്. എന്നാല്‍ പ്രസാദമായി കളഭം ലഭിച്ചില്ല. പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ദേവസ്വത്തിലും പോലീസിലും തങ്ങള്‍ക്ക് സ്വാധീനമുണ്ടെന്നു പറഞ്ഞ് വാട്‌സാപ് കൂട്ടായ്മയുടെ അഡ്മിന്‍ ഇവരെ ഭീഷണിപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ദേവസ്വം മുന്നറിയിപ്പ്. ഗുരുവായൂര്‍ കേന്ദ്രീകരിച്ചുളള സംഭവങ്ങളാണ് ഇത്തരത്തിലുളള ഓണ്‍ലൈനുകള്‍ പ്രചരിപ്പിക്കുന്നത്. ചാനലുകളുടെ വാട്‌സാപ്പ് കൂട്ടായ്കളിലാണ് പണപ്പിരിവ് നടത്തുന്നത്.