തിരുവനന്തപുരം : കേരള പത്രപ്രവർത്തക യൂണിയനെ അവഗണിച്ച് പബ്ളിക്ക് റിലേഷൻസ് വകുപ്പ് മീഡിയ അക്കാദമി ഏകപക്ഷീയമായി നടത്തിയ പുനഃസംഘടനയിൽ പ്രതിഷേധമുയർത്തി മുഖ്യമന്ത്രിക്ക് കത്ത്. മീഡിയ അക്കാദമിയുടെ തുടക്കം മുതൽ കേരളത്തിലെ മാധ്യമപ്രവർത്തകരുടെ ഏക സംഘടനയായ പത്രപ്രവർത്തകർ യൂണിയന് അർഹമായ പ്രാതിനിധ്യം നൽകിയിരുന്നു.ഇക്കുറി യൂണിയൻ നൽകിയ ലിസ്റ്റ് പൂർണ്ണമായി അവഗണിക്കുകയും ചട്ടം മറികടന്ന് ഇഷ്ടക്കാരെ കുത്തിനിറക്കുകയും ചെയ്തു എന്നാണ് പരാതി. മാധ്യമപ്രവർത്തകർ ആക്ഷേപവുമായി രംഗത്ത് വന്നതിനെ തുടർന്നാണ് പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്ക് കത്തെഴുതിയത്
ഉത്തരവ് തിരുത്തിയില്ലെങ്കിൽ പത്രപ്രവർത്തക യൂണിയൻ പ്രതിനിധികൾ ജനറൽ കൗൺസിൽ നിന്ന് രാജിവെക്കും എന്നും കത്തിൽ അറിയിച്ചിട്ടുണ്ട്
പത്രപ്രവർത്തക യൂണിയൻ അയച്ച കത്തിന്റെ പൂർണരൂപം
ശ്രീ. പിണറായി വിജയൻ ബഹു. മുഖ്യമന്ത്രി
വിഷയം: ചട്ടം മറികടന്നും പത്രപ്രവർത്തക യൂണിയനെ അവഗണിച്ചും നടത്തിയ മീഡിയ അക്കാദമി പുനഃസംഘടന സംബന്ധിച്ച്
സൂചന: സെപ്റ്റംബർ എട്ടിന് പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കിയ ഉത്തരവ്
സർ,
മീഡിയ അക്കാദമി ജനറൽ കൗൺസിൽ പുനഃസംഘടനയിൽ കേരള പത്രപ്രവർത്തക യൂണിയനെ അവഗണിച്ചു നടത്തിയ നിയമനങ്ങൾ അങ്ങേയറ്റം അപലപനീയമാണ്.
മീഡിയ അക്കാഡമി ആവശ്യപ്പെട്ട പ്രകാരമായിരുന്നു യൂണിയൻ പേരുകൾ നിർദ്ദേശി ച്ചത്. യൂണിയൻ നിർദേശിച്ച പേരുകൾ വെട്ടിനിരത്തി ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ ചിലർ നടത്തിയ ശ്രമത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. മീഡിയ അക്കാദമി ജനറൽ കൗൺസിലിലേക്ക് സർക്കാർ ആരെ നിയമിക്കുന്നതിലും പത്രപ്രവർത്തക യൂണിയനു വിയോജിപ്പില്ല. സർക്കാറിന് യഥേഷ്ടം നാമനിർദേശം ചെയ്യാൻ ചട്ടം അനുശാസിക്കുന്ന സ്ഥാനങ്ങൾ ഉള്ളപ്പോൾ ഇതിന് ഒരുവിധ പ്രയാസവുമില്ല. എന്നാൽ, പത്രപ്രവർത്തക യൂണിയൻ നിർദേശിക്കേണ്ട സ്ഥാനങ്ങളിലേക്ക് യൂണിയൻ നൽകിയ പട്ടിക വെട്ടിമാറ്റി യൂണിയൻ പ്രതിനിധികളെന്ന പേരിൽ ജനറൽ കൗൺസിൽ അംഗങ്ങളെ കണ്ടെത്തിയത് അംഗീകരിക്കാനാവില്ല.
നാലര പതിറ്റാണ്ട് പിന്നിട്ട അക്കാദമിയുടെ ചരിത്രത്തിൽ നാളിതുവരെ സംഭവിക്കാത്ത കാര്യമാണിത്. ഇതിന് ഗൂഢാലോചന നടത്തിയവരെ കണ്ടെത്തി കർക്കശ നടപടി സ്വീകരിക്കുന്നതിനൊപ്പം ഇപ്പോൾ നടത്തിയ ജനറൽ കൗൺസിൽ പുനഃസംഘടന അടിയന്തരമായി തിരുത്തി ചട്ടവും കീഴ്വഴക്കവും അനുശാസിക്കുന്ന വിധത്തിൽ പത്രപ്രവർത്തക യൂണിയനു പരിഗണന നൽകണമെന്ന് അഭ്യർഥിക്കുന്നു. ഗൂഢ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന ഉത്തരവ് തിരുത്തുന്നില്ലെങ്കിൽ പത്രപ്രവർത്തക യൂണിയൻ പ്രതിനിധികൾ മീഡിയ അക്കാദമി ജനറൽ കൗൺസിലിൽ നിന്ന് രാജിവെക്കുന്നതായി അറിയിക്കുന്നു. മീഡിയ അക്കാദമി പ്രവർത്തനങ്ങളിൽനിന്ന് യൂണിയൻ വിട്ടുനിൽക്കുമെന്നും ഖേദപൂർവം അറിയിക്കുന്നു.
ആദരപൂർവം,
കെ പി റെജി പ്രസിഡന്റ്റ്
സുരേഷ് എടപ്പാൾ ജനറൽ സെക്രട്ടറി

