ബെംഗളൂരു: വിവാഹ വാഗ്ദാനം നിരസിച്ചതിന് ബാല്യകാല സഹപാഠിയെ നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്തിയ യുവാവ് മണിക്കൂറുകള്‍ക്കുളളില്‍ ജീവനൊടുക്കി. കര്‍ണാടകയില്‍ ഉത്തര കന്നഡ ജില്ലയിലെ യെല്ലാപുരയിലാണ് സംഭവം. യെല്ലാപൂര്‍ സ്വദേശിയായ രഞ്ജിത ഭനസോഡെ (30) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞദിവസമാണ് യുവതിയെ കൊലപ്പെടുത്തിയ ശേഷം കാട്ടിലേക്ക് ഓടിപ്പോയ റഫീഖ് എന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ വനത്തിനുള്ളിൽ കണ്ടെത്തിയത്.
പത്ത് വർഷങ്ങൾക്ക് മുമ്പ് ഭർത്താവുമായി വിവാഹമോചനം നേടിയ രഞ്ജിതയുമായി റഫീക്ക് പ്രണയത്തിലായിരുന്നു. ഇരുകുടുംബങ്ങളും തമ്മിൽ നല്ല ബന്ധമായിരുന്നു. കുട്ടിക്കാലം തൊട്ടേ ഇരുവർക്കും പരസ്പരം അറിയാം. കൂടാതെ പ്രതി റഫീക്കും മരിച്ച രഞ്ജിതയുടെ സഹോദരനും സുഹൃത്തുക്കളായിരുന്നു. പലപ്പോഴും രഞ്ജിതയുടെ വീട്ടിൽ റഫീഖ് അത്താഴത്തിന് വരുമായിരുന്നു. ഒരു കുട്ടി കൂടിയുള്ള രഞ്ജിത യെല്ലാപൂരിൽ മാതാപിതാക്കളുടെയും സഹോദരന്റെയും കൂടെയാണ് താമസിച്ചിരുന്നത്.
അടുത്തിടെ റഫീഖ് രഞ്ജിതയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ രഞ്ജിത ഇതിനെ എതിർത്തിരുന്നു. നമ്മുടെ ബന്ധം ഇങ്ങനെ തന്നെയിരിക്കട്ടെ തനിക്ക് വിവാഹം ചെയ്യാൻ സാധ്യമല്ലെന്ന് രഞ്ജിത പറഞ്ഞതായാണ് സൂചന.
ഇതിൽ പ്രകോപിതനായ റഫീഖ് പതിവുപോലെ രഞ്ജിത സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ വഴിയിൽ തടഞ്ഞുനിർത്തി വീണ്ടും വിവാഹാഭ്യർത്ഥന നടത്തി. എന്നാൽ രഞ്ജിത വീണ്ടും വിസമ്മതിച്ചതോടെ പ്രകോപിതനായ ഇയാൾ കത്തികൊണ്ട് കുത്തി അവിടെ നിന്നും വനത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
യുവതിയുടെ കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പൊലീസ് സുരക്ഷ ശക്തമാക്കി. അതിനിടെയാണ് റഫീഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

