മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് ഏഴുപതാണ്ടിന്റെ നിറധന്യതയില്‍
കൊച്ചി: സീറോ മലബാര്‍ സഭയുടെ അധ്യക്ഷനായ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് എഴുപതിന്റെ നിറവില്‍. 1956 ഏപ്രില്‍ 21 ന് തൃശൂര്‍ പുത്തന്‍പള്ളി തട്ടില്‍ ഔസേപ്പ്- ത്രേസ്യ ദമ്പതികളുടെ 10 മക്കളില്‍ ഇളയവനായി പിറന്ന അദ്ദേഹം 1980 ഡിസംബര്‍ 21നാണ് അന്നത്തെ തൃശൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കുണ്ടുകുളത്തില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു.സപ്തതി ദിനമായ ചൊവ്വാഴ്ച്ച രാവിലെ സഭാ ആസ്ഥാനത്ത് മാര്‍ തട്ടില്‍ കുര്‍ബാനയര്‍പ്പിക്കും. വൈകുന്നേരം ലളിതമായ ചടങ്ങില്‍ പിറന്നാള്‍ ആശംസകളര്‍പ്പിക്കും.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിരമിച്ചതിനെത്തുടര്‍ന്നാണു സിറോ മലബാര്‍ സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പായി 2024 ജനുവരി 11 നായിരുന്നു അഭിഷിക്തനായത്. റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു കാനോന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ മാര്‍ തട്ടില്‍ തൃശൂര്‍ അതിരൂപതയുടെ വൈസ് ചാന്‍സലറായും മാര്‍ കുണ്ടുകുളത്തിന്റെ സെക്രട്ടറിയായും മതബോധന കേന്ദ്രം ഡയറക്ടറായും അതിരൂപത ചാന്‍സലറായും പ്രവര്‍ത്തിച്ചു.
2010 ഏപ്രില്‍ 10 ന് അതിരൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായി. 2014ല്‍ ഇന്ത്യയിലെ മറ്റൊരു സിറോ മലബാര്‍ രൂപതയുടെയും ഭാഗമല്ലാത്ത പ്രദേശങ്ങളിലെ അപ്പോസ്തലിക് വിസിറ്റേറ്ററായും 2017 ല്‍ പുതുതായി സ്ഥാപിക്കപ്പെട്ട ഷംഷാബാദ് രൂപതയുടെ പ്രഥമ മെത്രാനായും ഫ്രാന്‍സിസ് മാര്‍പാപ്പ തട്ടില്‍ സുപ്രധാന നിയോഗം ഏല്‍പ്പിച്ചു.

