ഗുവാഹത്തി: അസമിൽ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ സൂക്ഷിച്ച കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരുക്കേറ്റ് മരിച്ചു. ഗുവാഹത്തി സ്വദേശി രാമാനുജ് ഗോസ്വാമി (30) ആണ് മരിച്ചത്. ഭാര്യ റിയ താലുക്ദറിനെ ഗുവാഹത്തിയിലെ ഫ്ലാറ്റിൽ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രാമാനുജ് ഹാതിഗാവ് പൊലീസ് സ്റ്റേഷനിലെ കസ്റ്റഡിയിലായിരുന്നു.
ഇന്ന് പുലർച്ചെ ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കി പൊലീസ് സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. നരകാസുർ പഹറിനു സമീപം പൊലീസ് വാഹനത്തിൽനിന്ന് രാമാനുജ് പുറത്തേക്ക് ചാടുകയായിരുന്നു.
പുലർച്ചെ രണ്ടുമണിയോടെ പൊലീസ് വാഹനത്തിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് ഉദ്യോഗസ്ഥർ വാഹനം നിർത്തി ടയർ മാറ്റി. തുടർന്ന് യാത്ര പുനരാരംഭിച്ച് മിനിറ്റുകൾക്കുള്ളിലാണ് രാമാനുജ് രക്ഷപ്പെടാൻ ശ്രമിച്ചത്. വാഹനത്തിലുണ്ടായിരുന്ന കോൺസ്റ്റബിളിനെ ആക്രമിച്ചശേഷം ഡോർ തുറന്ന് ഇയാൾ പുറത്തേക്ക് ചാടുകയായിരുന്നെന്ന് ഗുവാഹത്തി ഈസ്റ്റ് ഡിസിപി തബു റാം പെഗു പറഞ്ഞു.
അതേസമയം വാഹനത്തിൽനിന്ന് ചാടിയ രാമാനുജ് സമീപത്തെ കൊക്കയിലേക്കാണ് വീണത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ പൊലീസ് ഉടൻ രക്ഷപ്പെടുത്തി ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംശയത്തെ തുടർന്നാണ് ഇയാൾ ഭാര്യയെ സെപ്റ്റംബർ മൂന്നിന് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് റിയയെ കൊലപ്പെടുത്തിയ ശേഷം തല വെട്ടിമാറ്റുകയായിരുന്നു. തുടർന്ന് മൃതദേഹം കഷണങ്ങളാക്കാൻ ശ്രമിക്കുകയും കത്രിക ഉപയോഗിച്ച് മുഖം വികൃതമാക്കുകയും ചെയ്തെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വെട്ടിമാറ്റിയ തല പിന്നീട് ഫ്ലാറ്റിലെ ഫ്രിജിൽ സൂക്ഷിച്ചു.
സെപ്റ്റംബർ ആറിന് ദമ്പതികളുടെ ഫ്ലാറ്റിൽനിന്ന് രൂക്ഷമായ ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. രണ്ട് ദിവസമായി ദമ്പതികളെ പുറത്തുകാണാനില്ലെന്നും ഫോണുകൾ സ്വിച്ച് ഓഫായിരുന്നെന്നും അയൽവാസികൾ പൊലീസിനെ അറിയിച്ചു.
തുടർന്ന് പൊലീസ് ഫ്ലാറ്റിലെത്തി പൂട്ട് പൊളിച്ച് അകത്തുകയറിയപ്പോഴാണ് അഴുകിത്തുടങ്ങിയ നിലയിൽ റിയയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ വിരലുകൾ ഭാഗികമായി മുറിച്ചുമാറ്റിയ നിലയിലായിരുന്നു. എന്നാൽ തല കണ്ടെത്താനായിരുന്നില്ല. തുടർന്നുള്ള പരിശോധനയിലാണ് തല ഫ്രിജിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്.

