Spread the love

കൊച്ചി: എറണാകുളം മലയാറ്റൂരില്‍ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാകം. സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്‍ സമ്മതിച്ചതായാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. മദ്യലഹരിയില്‍ കുറ്റകൃത്യം ചെയ്തുവെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍.

മുണ്ടങ്ങാമറ്റം സ്വദേശിനിയും ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിയുമായ ചിത്രപ്രിയ(19)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നതാണെന്നാണ് നിഗമനം. ചിത്രപ്രിയയുടെ തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

അതേസമയം ചിത്രപ്രിയ അലനൊപ്പം പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സമീപ സ്ഥലങ്ങളില്‍ പോലീസ് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പെൺക്കുട്ടിയ്ക്കായി മൂന്ന് ദിവസമായി തിരച്ചില്‍ നടക്കുകയായിരുന്നു.മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകള്‍ കൂട്ടിയിട്ടിരുന്നു. ഈ കല്ലുകളില്‍ രക്തം പുരണ്ടിരുന്നു.

ബെംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനിയായ ചിത്രപ്രിയ അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് കാണാതായത്. മലയാറ്റൂര്‍ ഭാഗത്തു വെച്ച് കാണാതായി എന്നതായിരുന്നു പരാതി.