Spread the love

കാൻസാസ് സിറ്റി: ലോകകപ്പിലെ തന്നെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി ലയണൽ മെസി. ഓസ്ട്രിയക്കെതിരായ മത്സരത്തിൽ ആദ്യ ഗോൾ നേടിയതോടെയാണ് മെസി റെക്കോഡ് കുറിച്ചത്. ഇന്നലെ ഇരട്ടഗോൾ നേടിയതോടെ ലോകകപ്പിൽ മെസിയുടെ അക്കൗണ്ടിൽ 18 ഗോളുകളായി. ജർമനിയുടെ മുൻ സ്ട്രൈക്കർ മിറാസ്ലാവ് ക്ലോസെ (16) യുടെ റെക്കോഡാണ് മെസി മറികടന്നത്.

ഇൻജറി ടൈമിൽ ആയിരുന്നു മെസ്സിയുടെ രണ്ടാമത്തെ ഗോൾ പിറന്നത്.

അർജന്റീനയുടെ ക്യാപ്റ്റനായ മെസി, മുൻപ് അൾജീരിയക്കെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഹാട്രിക്ക് നേടി ജർമ്മൻ ഇതിഹാസം മിറോസ്ലാവ് ക്ലോസെയുടെ 16 ഗോളെന്ന റെക്കോർഡിനൊപ്പമെത്തിയിരുന്നു. ഇപ്പോൾ ഓസ്ട്രിയക്കെതിരായ മത്സരത്തിൽ 39-ാം മിനിറ്റിൽ നേടിയ ഗോളിലൂടെ ആണ് അദ്ദേഹം ആ റെക്കോർഡ് മറികടന്നത്. പിന്നീട് മൽസരത്തുടർച്ചയിൽ ഇൻജറി ടൈമിന്റെ അവസാന സെക്കൻഡിൽ രണ്ടാമത്തെ ഗോൾ കൂടി പിറന്നതോടെ 18 എന്ന റെക്കോഡിലേക്ക് മെസ്സി എത്തി. മത്സരത്തിന്റെ തുടക്കത്തിൽ ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും പിന്നീട് നിർണായക ഗോൾ നേടാൻ മെസിക്കായി.

ഇന്നലെ അതായത് ജൂൺ 22 ലോക ഫുട്ബോൾ ചരിത്രത്തിലെ മറ്റൊരു അനശ്വര ദിനത്തിന്റെ 40-ാം വാർഷികവുമായിരുന്നു. 1986 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ക്വാർട്ടർ ഫൈനലിൽ അർജന്റീനയ്ക്ക് വിജയം സമ്മാനിച്ച രണ്ട് പ്രശസ്ത ഗോളുകൾ നേടിയ ദിനം. അന്ന് മറഡോണ നേടിയ ‘ഹാൻഡ് ഓഫ് ഗോഡ്’ ഗോളും ‘ഗോൾ ഓഫ് ദ സെഞ്ചുറി’യുമാണ് ഫുട്ബോൾ ലോകത്തിൽ എന്നും ഓർമ്മിക്കപ്പെടുന്നൊന്ന്. മറഡോണയുടെ ആ ചരിത്രദിനത്തിന് 40 വർഷം തികയുന്ന വേളയിൽ ലോകകപ്പിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന നേട്ട മെസ്സി സ്വന്തമാക്കിയിരിക്കുകയാണ്.