Spread the love

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയകാരണം തുറന്നുപറഞ്ഞ് സിപിഎം,ശബരിമല തിരിച്ചടിച്ചുവെന്ന് എം.വി ഗോവിന്ദന്‍. അധികാരം നിലനിര്‍ത്തും

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയകാരണം തുറന്നുപറഞ്ഞ് സിപിഎം. തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉള്‍പ്പെടെയുള്ളവ തിരിച്ചടിക്ക് കാരണമായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. അമിത ആത്മവിശ്വാസവും സംഘടനാ ദൗര്‍ബല്യവും പ്രാദേശികമായ വീഴ്ചയും അപ്രതീക്ഷിത തോല്‍വിക്ക് കാരണമായെന്ന് എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു, ശബരിമല വിഷയം എതിരാളികള്‍ പ്രചാരണ വിഷയമാക്കി,ഇത് കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന നിലയാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

നിയോജകമണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ഏതാണ്ട് 60 മണ്ഡലത്തില്‍ എല്‍ഡിഎഫിന് കൃത്യമായ ലീഡുണ്ട്. നേരിയ വോട്ട് വ്യത്യാസത്തിന് പിറകില്‍ പോയ ഒട്ടേറെ മണ്ഡലങ്ങളുണ്ട്. പലതും പ്രാദേശിക പ്രശ്‌നങ്ങളുടേയും പ്രതിപക്ഷത്തിന്റെ കള്ള പ്രചാരണത്തിന്റെയും വര്‍?ഗീയ ഇടപെടലിന്റെയും മാധ്യമ ശൃംഖല നടത്തിയ ഇടതുപക്ഷ വിരുദ്ധ പ്രചാരണത്തിന്റെയും ഭാ?ഗമായി പിന്നില്‍പോയവയാണ്. ഇവിടെയെല്ലാം ശരിയായ രാഷ്ട്രീയ പ്രചാരണ പ്രവര്‍ത്തനം നടത്തി തിരിച്ചുപിടിക്കാനാകുമെന്ന് തന്നെ വിശ്വസിക്കുന്നു. അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്ന് തന്നെയാണ് കരുതുന്നത്.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ എം. പത്മകുമാറിനെതിരെ ഉടന്‍ നടപടി ഉണ്ടാകില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. കേസില്‍ പത്മകുമാറിന് പങ്കുണ്ടോ എന്ന് അറിയണം. വാര്‍ത്തകളുടെ പേരില്‍ നടപടി എടുക്കുന്ന പാര്‍ട്ടിയല്ല സി.പി.എം. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും വാര്‍ത്താസമ്മേളനത്തില്‍ എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ച് ഒക്ടോബര്‍ 29ലെ മന്ത്രിസഭാ തീരുമാനം വച്ച് വിജയിക്കുമെന്ന ആത്മവിശ്വാസം പൊതുവില്‍ എല്‍.ഡി.എഫിന് ഉണ്ടായിരുന്നു. നഗരമേഖലകളിലുണ്ടായ സംഘടനാ ദൗര്‍ബല്യം തിരിച്ചടിക്ക് ഇടയാവുകയും ചെയ്തു. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനങ്ങളിലുണ്ടായ ചില വീഴ്ചകളും അതത് മേഖലകളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ തടസമായി നില്‍ക്കുന്ന സ്ഥിതിയുണ്ടായി. ശബരിമല പോലുള്ള വിഷയങ്ങളില്‍ യു.ഡി.എഫും ബി.ജെ.പിയും കള്ളപ്രചാരവേല നടത്തി. ആ പരിശ്രമം അവര്‍ ഉദ്ദേശിച്ച പോലെ വിജയിച്ചില്ലെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.