Spread the love

കോട്ടയം: ഉദ്ഘാടനത്തിന് മുന്നോടിയായി കേരള സയൻസ് സിറ്റി സന്ദർശിക്കാനെത്തിയ ഫ്രാൻസിസ് ജോർജ് എം.പി, മോൻസ് ജോസഫ് എം.എൽ.എ അടക്കമുള്ളവരെ അകത്തേക്ക് പ്രവേശിപ്പിച്ചില്ലെന്ന് പരാതി. അവകാശ ലംഘനത്തിന് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് മോൻസ് ജേസഫ് എം.എല്‍.എ പറഞ്ഞു.

സ്ഥലവും കെട്ടിടങ്ങളും സന്ദർശിക്കാനെത്തിയ ഫ്രാൻസിസ് ജോർജ് എം.പി, മോൻസ് ജോസഫ് എം.എല്‍.എ , കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ളവരാണ് പ്രവേശനം ലഭിക്കാതെ മടങ്ങിയത്.
തിങ്കളാഴ്ച രാവിലെ 11 നാണ് എം.പിയും എം.എ.ല്‍.എയും അടങ്ങുന്ന സംഘം നേരത്തെ അറിയിച്ചതിൻ പ്രകാരം സയൻസ് സിറ്റി സന്ദർശിക്കാൻ എത്തിയത്. എന്നാൽ കെട്ടിടങ്ങള്‍ പൂട്ടി ഉദ്യോഗസ്ഥർ സ്ഥലംവിട്ടു എന്നാണ് പരാതി.

ഉദ്യോഗസ്ഥരെ എം.എല്‍.എ ഫോണിൽ വിളിച്ചപ്പോൾ അവധിയിലാണെന്നാണ് പറഞ്ഞത്. നേരത്തേ അറിയിപ്പ് നല്‍കിയിട്ടും സയൻസ് സിറ്റിയുമായി ബന്ധപ്പെട്ട ആരും എത്താതിരുന്നത് കടുത്ത അവഹേളനമായി കണക്കാക്കുന്നതായി മോൻസ് ജോസഫ് എം.എല്‍.എ പ്രതികരിച്ചു. ഇത് സംബന്ധിച്ച്‌ നിയമസഭ സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നല്‍കുമെന്നും എം.എല്‍.എഅറിയിച്ചു.
ഇതേസമയം സംഭവം വിവാദമായതോടെ പിന്നീട് സയൻസ് സിറ്റിയിൽ ഇരുവർക്കും പ്രവേശാനുമതി ലഭിച്ചു.

കേരള സയൻസ് സിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ ഉണ്ടായിരിക്കുന്ന ഗുരുതരമായ അനാസ്ഥയെക്കുറിച്ചും കാലതാമസത്തെക്കുറിച്ചും അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഇടപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സയൻസ് സിറ്റിയിൽ സന്ദർശനം നടത്തിയ അഡ്വ. മോൻസ് ജോസഫ് എംഎൽഎയും അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എംപിയും സർക്കാരിനോട് ആവശ്യപ്പെട്ടു. മെയ് മാസം അവസാനിക്കുന്നതിനു മുമ്പ് സയൻസ് സിറ്റി ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ആഴ്ചയിൽ പറയുകയുണ്ടായി.

മെയ് 11ന് ഉദ്ഘാടനം നടത്തുമെന്ന് രാജ്യസഭാംഗം പ്രസ്താവന ഇറക്കിയതാണ്. എന്നാൽ ഇതിനുള്ള യാതൊരു ക്രമീകരണവും സയൻസ് സിറ്റിയിൽ നേരിട്ട് ചെന്നപ്പോൾ കാണാൻ കഴിഞ്ഞില്ലെന്ന് എംപിയും എം.എൽ.എയും ചൂണ്ടിക്കാട്ടി.

കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ട കുറച്ച് സഹോദരിമാർ കയർ ഭൂവസ്ത്രം വിരിക്കുകയും കാടും പള്ളയും വെട്ടി മാറ്റുകയും പഴകിപ്പോയ കെട്ടിടങ്ങൾ പെയിന്റടിച്ച് പുതുക്കാൻ ശ്രമിക്കുന്നതും മാത്രമാണ് കാണാൻ കഴിഞ്ഞത്. ഗുരുതരമായ അനാസ്ഥയും കൃത്യ വിലോപവുമാണ് സയൻസ് സിറ്റിയിൽ പ്രകടമാകുന്നതെന്ന് എംപിയും എം.എൽ.എയും കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്കും സർക്കാരിനും സയൻസ് സിറ്റിയുടെ നിജസ്ഥിതി ചൂണ്ടിക്കാട്ടി പരാതി സമർപ്പിച്ച ശേഷം തൃപ്തികരമായ പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നേതാക്കൾ ചൂണ്ടിക്കാട്ടി. അല്ലാത്തപക്ഷം കുറവിലങ്ങാട് പൗരാവലിയെ പങ്കെടുപ്പിച്ചുകൊണ്ട് ബഹുജനപ്രക്ഷോഭത്തെക്കുറിച്ച് കൂടിയാലോചിച്ചു തീരുമാനിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.

സയൻസ് സിറ്റി ഉദ്ഘാടന കാര്യത്തിൽ നിലനിൽക്കുന്ന അവ്യക്തത പരിഹരിക്കാൻ മുഖ്യമന്ത്രി അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ ആവശൃപ്പെട്ടു.

സയൻസ് സിറ്റി കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതിയെക്കുറിച്ചും പിൻവാതിൽ നിയമനത്തെക്കുറിച്ചും നിർമ്മാണ കാര്യത്തിൽ സംഭവിച്ചിരിക്കുന്ന ഗുരുതരമായ അനാസ്ഥയെ കുറിച്ചും സർക്കാർ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് എംപിയും എം.എൽ.എയും പ്രസ്താവിച്ചു.

സയൻസ് സിറ്റി നിയമവിരുദ്ധമായി അടച്ചുപൂട്ടുകയും പല ദിവസങ്ങളിലും അനധികൃത അവധി നൽകുകയും ജനപ്രതിനിധികളുടെ ഔദ്യോഗിക സന്ദർശന വേളയിൽ സയൻസ് സിറ്റി പൂട്ടിയിട്ട് ഉദ്യോഗസ്ഥർ ഒഴിഞ്ഞ് മാറിയ നിരുത്തരവാദ നടപടിയിലെ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ നിയമസഭാ സ്പീക്കർക്ക് അവകാശലംഘന നോട്ടീസ് നൽകുമെന്ന് മോൻസ് ജോസഫും ഫ്രാൻസിസ് ജോർജും പറഞ്ഞു.