Spread the love

കുമരകത്തെ ബിജെപി സഖ്യത്തിൻ്റെ സൃഷ്‌ടാക്കളെ കോൺഗ്രസ് പുറത്താക്കുമോ?

കുമരകം പഞ്ചായത്തിലെ ജനവിധിയെ അട്ടിമറിക്കാൻ കോൺഗ്രസും ബിജെപിയും നടത്തിയ കൂട്ടുകച്ചവടത്തിന് നേത്യത്വം നൽകിയവരെ പുറത്താക്കാൻ കോൺഗ്രസ് പാർട്ടിയ്ക്ക് ആർജവമുണ്ടോയെന്ന് വ്യക്തമാക്കണം. ബിജെപിയ്ക്ക് ഭൂരിപക്ഷമില്ലെങ്കിലും കക്ഷിനിലയിൽ ഒന്നാം സ്ഥാനത്തുള്ള അയ്മനത്തും, കിടങ്ങൂരും, യൂഡിഎഫ്, എൽഡിഎഫ് പരസ്‌പരം സഹകരിച്ച് ബിജെപിയെ പുറത്താക്കിയില്ല. മൂന്നു മുന്നണികളും പരസ്‌പരം പിന്തുണയ്ക്കില്ല എന്ന സംസ്ഥാനനയം എല്ലാവർക്കും അറിയുന്നതാണ്.

 

തൃപ്പൂണിത്തുറയിലെയും പാലക്കാട്ടെയും ബിജെപി ഭരണം അവർക്ക് ഭൂരിപക്ഷം കിട്ടിയതുകൊണ്ടല്ല. ആർക്കും ഭൂരിപക്ഷമില്ലാത്തിടത്ത് ഏറ്റവും കൂടുതൽ സീറ്റുകളുള്ള മുന്നണി ഭരണത്തിലേറുകയെന്ന രീതി മറ്റത്തൂർ മുതൽ കുമരകം വരെ അട്ടിമറിച്ചത് കോൺഗ്രസ് പാർട്ടിയാണ്. കുമരകത്ത് ഈ കൂട്ടുകെട്ട് തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ആരംഭിച്ചതിന് തെളിവ് ഹാജരാക്കാം. വോട്ടുനില മാത്രം പരിശോധിച്ചാൽ ബിജെപി-കോൺഗ്രസ് ബാന്ധവം വ്യക്തമാകും.

കുമരകം ഗ്രാമപഞ്ചായത്തിലെ വോട്ടുനില

ഗ്രാമപഞ്ചായത്ത്: എൽഡിഎഫ് (6132), യുഡിഎഫ് (4441), ബിജെപി (2617), സ്വതന്ത്ര (232)
ബ്ലോക്ക് പഞ്ചായത്ത്: എൽഡിഎഫ് (5835), യുഡിഎഫ് (6460), ബിജെപി ( 1178), സ്വതന്ത്ര (0)
ജില്ലാപഞ്ചായത്ത്: എൽഡിഎഫ് (6182), യുഡിഎഫ് (6419), ബിജെപി (610), സ്വതന്ത്ര (0)

കുമരകത്തെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മൂന്നാം വാർഡിൽ ബിജെപി 607 വോട്ടുനേടിയപ്പോൾ കോൺഗ്രസിന് 51 വോട്ടു മാത്രമാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തിൽ ആ വാർഡിലെ ബിജെപി വോട്ട് 67 മാത്രമായി കുറഞ്ഞു. ആറാം വാർഡിൽ കോൺഗ്രസിനെതിരെ ബിജെപിക്ക് സ്ഥാനാർത്ഥിയുണ്ടായിരുന്നില്ല. ഏഴാം വാർഡിൽ കോൺഗ്രസിന് 63 വോട്ടു മാത്രമാണുണ്ടായിരുന്നത്. ഈ കച്ചവടം വിപുലമായി നടത്തിയത് ജില്ലാ പഞ്ചായത്തിലാണ്.

 

ഗ്രാമപഞ്ചായത്തിൽ ആകെ 2617 വോട്ടു നേടിയ ബിജെപിക്ക് ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥിക്ക് 610 വോട്ടുമാത്രം. ഗ്രാമപഞ്ചായത്ത് ആകെ 4441 വോട്ടുമാത്രം നേടിയ യുഡിഎഫിന്റെ ജില്ലാപഞ്ചായത്ത് സ്ഥാനാർത്ഥിക്ക് 6419 വോട്ടായി മാറി. ഈ കൂട്ടുകച്ചവടം തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലും കാണാം.

തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്:

ഗ്രാമപഞ്ചായത്ത്: എൽഡിഎഫ് (7502), യുഡിഎഫ് (7169), ബിജെപി (1921), എസ്.ഡി.പി.ഐ (1331)
ബ്ലോക്ക് പഞ്ചായത്ത്: എൽഡിഎഫ് (8071), യുഡിഎഫ് (7841), ബിജെപി (1957)
ജില്ലാപഞ്ചായത്ത്: എൽഡിഎഫ് (7653), യുഡിഎഫ് (9214), ബിജെപി (721)

കോട്ടയം ജില്ലാ പഞ്ചായത്തിലെ കുമരകം ഡിവിഷനിൽ യുഡിഎഫ് നേടിയ വിജയം ബിജെപി എസ്ഡിപിഐ കൂട്ടുകെട്ടിൻ്റെ ഫലമാണ് എന്നതാണ് ഇത് വ്യക്തമാക്കുന്നത്.

കുമരകം പഞ്ചായത്ത് പ്രസിഡൻ്റായ വ്യക്തി ഇരുപത് വർഷങ്ങൾക്കുമുമ്പ് സിപിഐ(എം)ൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ്. കഴിഞ്ഞ നാലു തെരഞ്ഞെടുപ്പിലും യുഡിഎഫിന്റെ ഭാഗമായി മത്സരിച്ച് രണ്ടുതവണ വിജയിക്കുകയും ഒരു തവണ പരാജയപ്പെടുകയും ചെയ്‌തു. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹത്തിനെതിരെ ഒരു തവണ പോലും യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല. ബിജെപി പിന്തുണച്ച വ്യക്തിയെ യുഡിഎഫിൻ്റെ ഭാഗമായി കണക്കാക്കുന്നില്ലെങ്കിൽ അടുത്ത അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാൻ കോൺഗ്രസ് തയ്യാറുണ്ടോ എന്നതാണ് കാതലായ ചോദ്യം. ബിജെപി ജില്ലാ നേതൃത്വം വിപ്പു നൽകിയത് വോട്ടെടുപ്പിൽ നിന്ന് വിട്ടു നില്ക്കാനാണ്. വിപ്പുലംഘിച്ചവരെ അയോഗ്യരാക്കാൻ നിയമനടപടിയെടുക്കാൻ ബിജെപി ജില്ലാനേത്യത്വം തയ്യാറാകുമോ എന്നതാണ് ചോദ്യം.

വാർത്താ സമ്മേളനത്തിൽ സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനിൽകുമാർ, കോട്ടയം ഏരിയ സെക്രട്ടറി ബി. ശശികുമാർ, ജില്ലാ കമ്മിറ്റി അംഗം കെ.വി. ബിന്ദു, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.എസ്. സലിമോൻ, ധന്യ സാബു, വി.കെ. ജോഷി എന്നിവർ പങ്കെടുത്തു.