കൊച്ചി: ആരോഗ്യമന്ത്രി വന്നു തള്ളിയിട്ടതു കൊണ്ടല്ല കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നതെന്നു മന്ത്രി വി.എന്‍.വാസവന്‍ അഭിപ്രായപ്പെട്ടു. ആരോഗ്യമന്ത്രിയുടെ രാജി വാങ്ങിയിട്ടു വേണം മുഖ്യമന്ത്രി വിദേശ ചികിത്സയ്ക്കു പോകാനെന്ന പ്രതിപക്ഷത്തിന്റെ പറച്ചില്‍ ശരിയല്ല. ഒരു പ്രശ്‌നമുണ്ടായാല്‍ മന്ത്രിയുടെ രാജിയാണോ പോംവഴിയെന്നു മന്ത്രി ചോദിച്ചു. അങ്ങനെ വന്നാല്‍ എത്ര മന്ത്രിമാര്‍ക്കു നിലനില്‍ക്കാനാവും.
കര്‍ണാടകയില്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള സ്വീകരണ പരിപാടിയിലെ ദുരന്തത്തിന്റെ പേരില്‍ മന്ത്രിമാരാരും രാജിവച്ചില്ല. അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പേരില്‍ പ്രധാനമന്ത്രിയും രാജിവച്ചില്ല. വണ്ടി അപകടം ഉണ്ടായാല്‍ അപ്പോള്‍ തന്നെ ഗതാഗതമന്ത്രി രാജിവയ്ക്കുകയാണോ ചെയ്യുന്നത് അദ്ദേഹം ചോദിച്ചു. കറുകുറ്റിയില്‍ രാജ്യാന്തര സഹകരണ ദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി

