Spread the love

ഭോപാൽ: മക്കളുടെ വിവാഹ നിശ്ചയത്തിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പ്രതിശ്രുത വരന്റെയും വധുവിന്റെയും മാതാപിതാക്കൾ ഒളിച്ചോടി. മധ്യപ്രദേശിലെ ഉന്ത്വാസ ഗ്രാമത്തിൽ താമസിക്കുന്ന 45 കാരിയായ യുവതിയെ കഴിഞ്ഞ ഒരാഴ്ചയിലേറെയായി കാണാനില്ലായിരുന്നു. അമ്മയെ കാണാനില്ലെന്ന് മകനാണ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ചിക്ലി ഗ്രാമത്തിലെ 50 വയസ്സുള്ള കർഷകനോടൊപ്പം സ്ത്രീ താമസിക്കുന്നതായി കണ്ടെത്തി. അന്വേഷണത്തിൽ കർഷകൻ പ്രതിശ്രുത വധുവിന്റെ പിതാവാണെന്ന് തെളിഞ്ഞു.

ഇരുവരുടെയും മക്കളുടെ വിവാഹനിശ്ചയത്തിന് ഏതാനും ദിവസം മാത്രം ബാക്കിയിരിക്കെയാണ് ഏവരെയും ഞെട്ടിപ്പിച്ച് കൊണ്ടുള്ള ഇവരുടെ ഒളിച്ചോട്ടം.

വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങൾക്കിടയിൽ, ഇവർ പ്രണയത്തിലാവുകയും ഒളിച്ചോടാൻ തീരുമാനിക്കുകയും ആയിരുന്നു. എട്ട് ദിവസം മുൻപാണ് 45 വയസ്സുള്ള ഒരു സ്ത്രീയെ കാണാനില്ലെന്ന് പറഞ്ഞ് പരാതി ലഭിച്ചതെന്നും ഇവർക്ക് ഭർത്താവും പതിനെട്ടും ഇരുപതും വയസ്സുള്ള രണ്ട് മക്കളുമുണ്ടെന്നും ടൗൺ ഇൻസ്പെക്ടർ അശോക് പട്ടീദർ പറഞ്ഞു. ഇവരെ ഉപേക്ഷിച്ചാണ് 50 വയസ്സുള്ള ഒരു കർഷകന്റെ കൂടെ പോയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.