കോട്ടയം : വിവാദങ്ങൾ രണ്ടാം പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കുമ്പോൾ വന്യജീവി തെരുവുനായ് വിഷയങ്ങളിൽ സർക്കാർ സമീപനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ജോസ് കെ മാണി. അതിരൂക്ഷമായ വന്യജീവി തെരുവുനായ് ആക്രമണ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ നിയമസഭ അടിയന്തരമായി വിളിച്ചു ചേർക്കണം എന്നാണ് ജോസ് കെ മാണിയുടെ ആവശ്യം.
കേരള കോൺഗ്രസിന്റെ തട്ടകമായ കോട്ടയത്ത് മെഡിക്കൽ കോളേജിൽ ഉണ്ടായ സംഭവങ്ങൾ കേരള കോൺഗ്രസിനെ വല്ലാതെ ഉലച്ചിട്ടുണ്ട്. കേരള കോൺഗ്രസ് എമ്മിന്റെ ശക്തി കേന്ദ്രമായ ഏറ്റുമാനൂർ മണ്ഡലം കഴിഞ്ഞതവണ സിപിഎമ്മിന് കൈമാറുകയായിരുന്നു.തുടർന്നാണ് വി എൻ വാസവൻ മത്സരിച്ചു വിജയിച്ചത്. അതുകൊണ്ടുതന്നെ ഏറ്റുമാനൂരിലെ സംഭവ വികാസങ്ങൾ മാണി ഗ്രൂപ്പിൻറെ അടിസ്ഥാന വോട്ടു ബാങ്കിൽ സ്വാധീനം ചെലുത്തും.
മെഡിക്കൽ കോളേജ് വിഷയത്തിൽ ജോസ് കെ മാണി ആകട്ടെ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടുമില്ല. ഈ വിഷയത്തിൽ രമ്യമായ പരിഹാരം കണ്ടെത്താതെ മുഖ്യമന്ത്രി വിദേശത്തേക്ക് പോയതിലും കേരള കോൺഗ്രസ് എം അണികളിൽ വിമർശനം ഉണ്ട്.അത് തണുപ്പിക്കാൻ കൂടിയാണ് ഇത്തരത്തിലുള്ള ആവശ്യം ജോസ് കെ മാണി മുന്നോട്ടു വച്ചതെന്ന് കരുതുന്നു.
അതിനിടയിലാണ് സർക്കാരിന് കടുത്ത ഭാഷയിൽ മറ്റൊരു ഗുരുതര പ്രശ്നത്തിൽ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.മനുഷ്യ സുരക്ഷ ഉറപ്പാക്കാൻ നിയമ ഭേദഗതിയും നിയമനിർമ്മാണവും നടത്തണം എന്നും കേരള കോൺഗ്രസ് ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
പേ വിഷബാധ സ്ഥിരീകരിക്കുന്ന പ്രദേശത്തെ മുഴുവൻ തെരുവ് നായ്ക്കളെയും പിടികൂടി കൊല്ലണം എന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

