Spread the love

കൊല്ലം : ഇരവിപുരത്ത് 26കാരിയായ സായ ഭർതൃവീട്ടിൽ മരിച്ച സംഭവത്തിൽ സംശയങ്ങളുമായി കുടുംബം. മകളുടെ മരണം ആത്മഹത്യയല്ലെന്നാണ് അമ്മ റിഹാനി ഷാജിയുടെ ആരോപണം. സായ മരിച്ച് നാല് മണിക്കൂറോളം കഴിഞ്ഞാണ് വിവരം അറിയിച്ചതെന്നും സംഭവത്തിന് 11 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയതെന്നും ബന്ധുക്കൾ പറയുന്നു. ഒക്ടോബർ 31ന് രാത്രിയാണ് ഭർത്താവ് അഫ്‌സലിന്റെ വീട്ടിലെ കിടപ്പുമുറിയിൽ സായയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അഫ്‌സലിനെ ഭയന്നാണ് സായ ഫോണിൽ സംസാരിക്കാൻ പോലും മടിച്ചിരുന്നതെന്ന് അമ്മ ആരോപിച്ചു. ഭർത്താവ് അടുത്തുള്ളപ്പോൾ വീട്ടുകാരുടെ ഫോൺ കോളുകൾ സ്വീകരിക്കില്ലായിരുന്നു. അയക്കുന്ന സന്ദേശങ്ങൾ ഭർത്താവ് കാണുമെന്ന ഭയത്തിൽ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. വാഹനത്തിന്റെ ഇഎംഐയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങളല്ല മരണത്തിന് പിന്നിലെന്നും അമ്മ വ്യക്തമാക്കി.

ഭർതൃവീട്ടിലെത്തി പൊലീസ് പരിശോധന നടത്തിയിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു. സായയുടെ ലാപ്‌ടോപ് കാണാതായതും സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. കുട്ടിക്കാലം മുതൽ ഡയറി എഴുതിയിരുന്ന സായയ്ക്ക് രണ്ട് ഡയറികളുണ്ടായിരുന്നുവെന്നും എന്നാൽ ഒന്നുമാത്രമാണ് പൊലീസിന് ലഭിച്ചതെന്നും ബന്ധുക്കൾ പറയുന്നു. ഭർത്താവിനെക്കുറിച്ചുള്ള പരാമർശങ്ങളുള്ള മറ്റൊരു ഡയറി മാറ്റിയതാണോ എന്നും കുടുംബം സംശയിക്കുന്നു.

രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനം ഉപയോഗിച്ച് അന്വേഷണം വഴിതിരിച്ചുവിടുകയാണെന്ന ആരോപണവും കുടുംബം ഉന്നയിച്ചു.