കൊൽക്കത്ത : ലിവ് ഇൻ പങ്കാളിയായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും അമ്മയും അറസ്റ്റിൽ. സോഫ്റ്റ്‌വെയർ എൻജിനിയറായ സാർഥക് സർക്കാർ (25) ആണ് കൊല്ലപ്പെട്ടത്. കൊൽക്കത്തയിലെ ഗാരിയയിൽ കാമുകിയായ സഞ്ചാലിക ബസുവിനൊപ്പം വാടക ഫ്ലാറ്റിലായിരുന്നു സാർഥകിന്റെ താമസം. ഇവിടെനിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച രാത്രിയാണ് സംഭവത്തിനിടയാക്കിയ തർക്കമുണ്ടായത്. സാർഥകും സഞ്ചാലികയും തമ്മിൽ വാക്കേറ്റം രൂക്ഷമായതോടെ യുവതി മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സാർഥകിന്റെ തോളിൽ വെട്ടുകയായിരുന്നു. ബഹളം കേട്ടെത്തിയ അയൽവാസികൾ രക്തത്തിൽ കുളിച്ചുകിടന്ന യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിന് പിന്നാലെ സഞ്ചാലികയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ അമ്മയ്ക്കും പങ്കുണ്ടെന്ന സംശയത്തെത്തുടർന്ന് മൗമിത ബസുവിനെയും അറസ്റ്റ് ചെയ്തു.
ഇരുവരും തമ്മിലുണ്ടായ തർക്കത്തിന്റെ യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പെട്ടെന്നുണ്ടായ വാക്കേറ്റമാണോ അതോ കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിച്ചുവരികയാണ്.

