Spread the love

ഷാങ്ഹായ് വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ അരുണാചല്‍ പ്രദേശില്‍ നിന്നുള്ള യാത്രക്കാരിയെ കസ്റ്റഡിയിലെടുത്ത് ഇന്ത്യന്‍ പാസ്പോര്‍ട്ട് ‘അസാധുവാണ്’ എന്ന കുറ്റപ്പെടുത്തിയ ചൈനയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ. ഇരു രാജ്യങ്ങളും സാധാരണ നില പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്ന സമയത്ത് ചൈനയുടെ പെരുമാറ്റം വെറുതെ പ്രതിബന്ധം സൃഷ്ടിക്കുകയാണെന്നാണ് ഇന്ത്യന്‍ നിലപാട്. ഇതിലൂടെ ശക്തമായ പ്രതിഷേധം ഇന്ത്യ ന്യുഡല്‍ഹിയിലും ബീജിംഗിലും അറിയിച്ചതായി ഇംഗ്‌ളീഷ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നവംബര്‍ 21 ന് ലണ്ടനില്‍ നിന്ന് ജപ്പാനിലേക്കുള്ള യാത്രയ്ക്കിടെ ഷാങ്ഹായ് വഴിയുള്ള യാത്രയ്ക്കിടെ 18 മണിക്കൂറോളം തന്നെ കസ്റ്റഡിയിലെടുക്കുകയും പരിഹസിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് യുകെയില്‍ താമസിക്കുന്ന അരുണാചല്‍ വംശജയും ഇന്ത്യാക്കാരിയുമായ പ്രേമ വാങ്‌ജോം തോങ്‌ദോക്ക് പരാതിപ്പെട്ടു. തന്റെ ജന്മസ്ഥലം അരുണാചല്‍ പ്രദേശ് എന്ന് രേഖപ്പെടുത്തിയതിനാല്‍ മാത്രമാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പാസ്പോര്‍ട്ട് ‘അസാധുവാണെന്ന്’ അറിയിച്ചുവത്രെ.’അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമാണ്’ എന്ന് തന്നോട് പറഞ്ഞതായും പ്രേമ ആരോപിച്ചു.

ആദ്യം ഇമിഗ്രേഷന്‍ ക്ലിയര്‍ ചെയ്ത ശേഷം മാറ്റി നിര്‍ത്തി, കൗണ്ടറിലേക്ക് തിരികെ കൊണ്ടുപോയി, പാസ്പോര്‍ട്ട് സ്വീകരിക്കാന്‍ കഴിയില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞു. ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിലെ ഉദ്യോഗസ്ഥരും ജീവനക്കാരും തന്നെ പരിഹസിച്ചുവെന്നും ചൈനീസ് പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചുവെന്നും പ്രേമ പരാതിപ്പെട്ടു.

യാത്ര തടസപ്പെട്ടതോടെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു ‘ഇന്ത്യയുടെ പരമാധികാരത്തിനും അരുണാചല്‍ പ്രദേശിലെ പൗരന്മാര്‍ക്കും നേരിട്ടുള്ള അപമാനമാണിതെന്ന് പ്രേമ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയക്കുകയും ചെയ്തു

അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അവിടത്തെ താമസക്കാര്‍ക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍ കൈവശം വയ്ക്കാനും യാത്ര ചെയ്യാനും പൂര്‍ണ്ണ അവകാശമുണ്ടെന്നും ഇന്ത്യ നിലപാട് വിശദീകരിച്ചു. ചൈനീസ് അധികാരികളുടെ നടപടികള്‍ ഷിക്കാഗോ, മോണ്‍ട്രിയല്‍ രാജ്യാന്തര ധാരണകളുടെയും ഉള്‍പ്പെടെയുള്ള രാജ്യാന്തര വ്യോമഗതാഗത മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്നാണ് ഇന്ത്യയുടെ നിലപാട്.