രാജാക്കാട്: ഇടുക്കിയിൽ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകം. ഇടുക്കി ആനയിറങ്കില് ശങ്കരപാണ്ഡ്യമേട് സ്വദേശി ജഗന്മോഹന്റെ ഭാര്യ ശാന്തിയായിരുന്നു മരിച്ചത്. ജഗന്മോഹന്റെ സഹോദരിയുടെ ഭര്‍ത്താവ് രാമകൃഷ്ണനാണ് പ്രതി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ശാന്തിയെ വീട്ടിലെ കിടപ്പുമുറിയില്‍ കുഴഞ്ഞുവീണ് ബോധം കെട്ട നിലയില്‍ ജഗന്മോഹന് കാണുകയായിരുന്നു. തുടര്‍ന്ന് പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എന്നാൽ ശാന്തിക്ക് ജീവിതശൈലീരോഗങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ മരണത്തില്‍ ആര്‍ക്കും സംശയം തോന്നിയില്ല.
എന്നാല്‍ കഴുത്തില്‍ അസ്വാഭാവിക പാടുകള്‍ കണ്ടെത്തിയതോടെ പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തില്‍ ശാന്തിയുടെ മരണം ശ്വാസംമുട്ടിയാണെന്ന് വ്യക്തമായി. തുടര്‍ന്ന് പൊലീസ് ബന്ധുക്കളെ ചോദ്യം ചെയ്തു.
തുടർന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിൽ രാമകൃഷ്ണൻ കുറ്റം സമ്മതിച്ചു. കഴുത്തിൽ തോർത്ത് മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പറഞ്ഞു.

