ചെന്നൈ: അഞ്ചുമാസം ഗർഭിണിയായ ഭാര്യയെ സംശയത്തിന്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് കൊലപ്പെടുത്തി. തമിഴ്നാട് കാഞ്ചീപുരം സ്വദേശിയായ സോമസുന്ദരം(28) ആണ് ഭാര്യ സോണിയ(28)യെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. പ്രതിയായ സോമസുന്ദരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ആറുമാസം മുൻപാണ് ഹോംഗാർഡായ സോമസുന്ദരവും സോണിയയും വിവാഹിതരായത്. എന്നാൽ, വിവാഹശേഷം ദമ്പതിമാർക്കിടയിൽ വഴക്ക് പതിവായിരുന്നു. സോണിയ ഗർഭിണിയായതോടെ ഇതേച്ചൊല്ലിയായി തർക്കം.താനല്ല ഗർഭത്തിന് ഉത്തരവാദിഎന്നും കുഞ്ഞ് തന്റേതല്ലെന്നുമായിരുന്നു സോമസുന്ദരത്തിന്റെ വാദം. ചൊവ്വാഴ്ച പുലർച്ചെ ദമ്പതിമാർ തമ്മിൽ ഇതേച്ചൊല്ലി വീണ്ടും വഴക്കുണ്ടായി. തുടർന്നാണ് പ്രതി ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.
കൊലപാതകം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് സംഭവം പുറത്തറിയുന്നത്. സോണിയയെ രാവിലെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ മാതാപിതാക്കൾ ഇവരുടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സോണിയയെ മരിച്ചനിലയിൽ കണ്ടത്. ഉടൻതന്നെ ഇവർ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി മൃതദേഹം ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മണിക്കൂറുകൾക്കുള്ളിൽ പ്രതിയായ സോമസുന്ദരത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

