Spread the love

പാര്‍ട്ടിക്കാരനെ ഒന്നാമനാക്കി പിഎസ്‌സി പട്ടിക അട്ടിമറിച്ചു. പുറത്തുവരുന്നത് വന്‍ ക്രമക്കേടുകള്‍, പിഎസ് സി ചെയര്‍മാനും ക്രൈംബ്രാഞ്ച് ചോദ്യമുനയിലേക്ക്

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡില്‍ ചീഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പരീക്ഷയില്‍ ഇടതു സംഘടനാനേതാവിനെ ഒന്നാം റാങ്കിലെത്തിക്കാന്‍ പി.എസ്.സി നടത്തിയത് കേട്ടുകേള്‍വിയില്ലാത്ത അട്ടിമറിയെന്ന് ക്രൈംബ്രാഞ്ച്. പി.എസ്.സിയിലെ ഉന്നതര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പങ്കുള്ള വന്‍ഗൂഢാലോചനയാണ് നടന്നത്. കോഴയിടപാടും സംശയിക്കുന്നു.
ജലഅതോറിട്ടിയിലെ സി.പി.എം സംഘടനാനേതാവിനാണ് ഒന്നാംറാങ്ക് കിട്ടിയത്. നേതാവ് എഴുതാതെ വിട്ട നാലും തെറ്റിച്ച ആറും ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ ഒഴിവാക്കി. ഇതോടെ ശരി ഉത്തരം എഴുതിയവര്‍ക്ക് പൂജ്യം മാര്‍ക്ക് നല്‍കിയതിനു സമാനമായ അവസ്ഥയുണ്ടായി.

എല്ലാ ചോദ്യങ്ങളും മൂല്യനിര്‍ണയം നടത്തിയിരുന്നെങ്കില്‍ നിലവിലെ രണ്ടാം റാങ്കുകാരന്റെ മാര്‍ക്കില്‍ നിന്ന് 53 മാര്‍ക്ക് താഴേക്ക് പോകുമായിരുന്നു നേതാവ്. ചുരുക്കപ്പട്ടികയില്‍പ്പോലും ഇടംപിടിക്കാന്‍ യോഗ്യത ഇല്ലാത്തയാളാണ് 1,23,700- 1,66,800 ശമ്പളസ്‌കെയിലില്‍ നിയമിക്കപ്പെട്ടത്.പരീക്ഷാവിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരായ മൂന്നുപേരുടെ പങ്ക് കണ്ടെത്തിയിട്ടുണ്ട്. നേതാവിനു മാര്‍ക്ക് കിട്ടാത്ത 10 ചോദ്യങ്ങള്‍ ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിംഗിനായി ഇവര്‍ കൈമാറിയില്ല. 58 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്താതെ നേതാവിനു അനധികൃത നിയമനം നല്‍കിയെന്നാണ് കേസ്. ആദ്യ പേപ്പറിലെ 9 മുതല്‍ 18 വരെയുള്ള ചോദ്യങ്ങളാണ് മൂല്യനിര്‍ണയം നടത്താതിരുന്നത്. 228ലേറെ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഈ ഉത്തരങ്ങള്‍ക്ക് മാര്‍ക്ക് നല്‍കിയില്ല.

റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ മുഹമ്മ സ്വദേശിയായ ഉദ്യോഗാര്‍ത്ഥി വി.എസ്.ജയലാല്‍ ഉത്തരക്കടലാസിന്റെ പകര്‍പ്പിനു അപേക്ഷിച്ചിരുന്നെങ്കിലും നിയമനം നടത്തി ഒരു വര്‍ഷമാകുമ്പോഴാണ് നല്‍കിയത്. ഉത്തരക്കടലാസ് കിട്ടിയപ്പോഴാണ് 28 ചോദ്യങ്ങളില്‍ 18 എണ്ണത്തിനേ മാര്‍ക്കിട്ടുള്ളൂവെന്ന് വ്യക്തമായത്.

 

പിഎസ് സി ചെയര്‍മാനും അന്വേഷണ പരിധിയില്‍.ചോദ്യംചെയ്യാനായി പി.എസ്.സി ചെയര്‍മാന്‍ എം.ആര്‍.ബൈജുവിനും രണ്ടംഗങ്ങള്‍ക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കും. അഭിമുഖം നടത്തിയത് ഇവരാണ്. നേതാവിനു അഭിമുഖത്തില്‍ 40ല്‍ 36 മാര്‍ക്ക് കിട്ടി. രണ്ടാം റാങ്കുകാരന് 11മാര്‍ക്കുമാത്രം

ഡെപ്യൂട്ടി സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരെ ചോദ്യംചെയ്തു. ഇവര്‍ പ്രതികളായേക്കും. കമ്പ്യൂട്ടറുകളിലെ ലോഗുകള്‍ പിടിച്ചെടുത്തു. കൈക്കൂലിയിടപാട് കണ്ടെത്താനും അന്വേഷണമുണ്ട്