Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

അതേസമയം വിവിധ ജില്ലകളിൽ കനത്ത മഴയെ തുടർന്ന് ജനജീവിതം ദുസ്സഹമായി. കൊച്ചിയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കലൂർ, ഇടപ്പള്ളി, പാലാരിവട്ടം മേഖലകളിൽ ഇതോടെ വെള്ളക്കെട്ട് രൂപപ്പെട്ടു. തൃപ്പുണിത്തുറ പേട്ടയിൽ യൂബര്‍ ടാക്സി കാര്‍ കാനയിൽ വീണു. യാത്രക്കാരനെ ഇറക്കിയശേഷം പേട്ടയിലൂടെ ഗൂഗിള്‍ മാപ്പുമിട്ട് പോകുന്നതിനിടെയാണ് റോഡിനോട് ചേര്‍ന്നുള്ള കാനയിലേക്ക് കാര്‍ വീണത്.

തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ ജാഗ്രത വേണം. കേരള തീരത്ത് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തെക്കൻ കേരളാ തീരത്ത് കടലാക്രമണത്തിനും സാധ്യതയുണ്ട്.

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് കാണുന്നതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.