Spread the love

കോട്ടയം: വ്യവഹാരങ്ങളില്‍നിന്ന് മോചനം നേടുന്നതിനായി നടൻ ദിലീപ് രണ്ടുവട്ടം വന്ന് വഴിപാടു കഴിച്ച് പ്രാര്‍ത്ഥിച്ച ചെറുവള്ളി ക്ഷേത്രവും ജഡ്ജിയമ്മാവനും നടിയെ ആക്രമിച്ച കേസില്‍ കോടതിവിധി വന്നതോടെ വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ്.തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രമായ പൊൻകുന്നം ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഉപദേവാലയമാണ് ജഡ്ജിയമ്മാവന്‍ കോവില്‍.ജഡ്ജിയമ്മാവൻ പ്രസാദിച്ചാൽ ഏത് കേസിൽ നിന്നും രക്ഷപെടാമെന്നതാണ് വിശ്വാസം. അടുത്തയാഴ്ച ദിലീപ് ജഡ്ജിയമ്മാവൻ ക്ഷേത്രത്തിൽ എത്താനാണ് സാധൃത.നടിയെ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ദിലീപ് റിമാന്‍ഡിലായപ്പോള്‍ 2017ല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ അനൂപാണ് ആദ്യം ദര്‍ശനം നടത്തിയത്. പിന്നീട് 2019 മാര്‍ച്ചില്‍ ദിലീപ് ദര്‍ശനത്തിനെത്തി. 2022ലും ദിലീപ് ജഡ്ജിയമ്മാവന്റെ നടയില്‍ പ്രാര്‍ത്ഥനയ്ക്കും വഴിപാടിനുമായി എത്തിയിരുന്നു.

2019 മാര്‍ച്ച് എട്ടിനു രാത്രി ദിലീപും സഹോദരന്‍ അനൂപും ഇവിടെ കരിക്ക് അഭിഷേകവും അട വഴിപാടും നടത്തിയിരുന്നു. കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ച ദിവസവും സഹോദരന്‍ അനൂപ് ജഡ്ജിയമ്മാവന്‍ കോവിലിലെത്തിയിരുന്നു. പിന്നീട് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ദിലീപും അനൂപും ചെറുവള്ളിയിലെത്തിയത്. ശ്രീശാന്ത്, ശാലു മേനോന്‍, സരിത എസ്. നായര്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍, ആര്‍. ബാലകൃഷ്ണപിള്ള തുടങ്ങിയവരൊക്കെ മുന്‍പ് ഇവിടെ പൂജ നടത്തിയവരാണ്.

 

അണ്ണാ ഡിംഎംകെ നേതാവ് ശശികല നടരാജന്‍ ജയിലിലായപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെറുവള്ളിയില്‍ വഴിപാട് നടത്തിയിരുന്നു. ക്ഷേത്രത്തിലെ അത്താഴപൂജകള്‍ക്കുശേഷം രാത്രി എട്ടരയ്ക്കാണ് ജഡ്ജിയമ്മാവന്റെ കോവില്‍നട തുറക്കുക.

കോടതിവ്യവഹാരങ്ങളില്‍ പെടുന്നവര്‍ തങ്ങളുടെ ഭാഗത്തിന് നീതി ലഭിക്കാന്‍ കാലങ്ങളായി ജഡ്ജിയമ്മാവന്‍ കോവിലില്‍ വഴിപാട് നടത്താന്‍ എത്താറുണ്ട്. ഹര്‍ജി പകര്‍പ്പ് നടയില്‍ സമര്‍പ്പിച്ച് അടവഴിപാട് നടത്തിയാണ് പ്രാര്‍ത്ഥന. ശബരിമല സ്ത്രീപ്രവേശന വിഷയം കോടതിയിലെത്തിയപ്പോള്‍ അനുകൂല വിധിക്കായി മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ കേസിന്റെ രേഖകള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥന നടത്തിയിരുന്നു. സാധാരണക്കാര്‍ മുതല്‍ സിനിമാ, സീരിയല്‍, രാഷ്ട്രീയരംഗത്തെ പ്രമുഖരുള്‍പ്പെടെ ദിവസവും നിരവധി പേര്‍ ദര്‍ശനത്തിനെത്താറുണ്ട്.ക്രിക്കറ്റ് കോഴ വിവാദവും കേസും വന്നപ്പോള്‍ ഇന്ത്യന്‍താരം ശ്രീശാന്തും വഴിപാട് നടത്താനെത്തി. ആര്‍.ബാലകൃഷ്ണപിള്ള ജഡ്ജിയമ്മാവന്റെ ഭക്തനായിരുന്നു. ജയലളിത, രാഹുല്‍ഗാന്ധി, കെ.കരുണാകരന്‍ എന്നിവര്‍ക്കെല്ലാം വേണ്ടി അനുയായികള്‍ വഴിപാട് നടത്തിയിട്ടുണ്ട്. വാദിയാണെങ്കിലും പ്രതിയാണെങ്കിലും നീതിയുടെ ഭാഗത്തു നില്‍ക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ജഡ്ജിയമ്മാവനെ തേടി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭക്തര്‍ ഇവിടെ എത്തുന്നു.

ധര്‍മരാജാവിന്റെ കാലത്ത് തിരുവിതാംകൂറിലെ സദര്‍കോടതി ജഡ്ജിയായിരുന്ന തലവടി രാമവര്‍മപുരം ഗോവിന്ദപ്പിളളയാണ് ജഡ്ജിയമ്മാവന്‍. നീതി നടപ്പാക്കുന്നതില്‍ കൃത്യത പുലര്‍ത്തിയിരുന്ന ഇദ്ദേഹം തന്റെ സഹോദരിയുടെ മകന്‍ പത്മനാഭപിള്ളയെ തെറ്റിദ്ധാരണയുടെ പേരില്‍ വധശിക്ഷയ്ക്ക് വിധേയനാക്കി. തനിക്ക് തെറ്റുപറ്റിയെന്നും അനന്തരവന്‍ നിരപരാധിയാണെന്നും അറിഞ്ഞപ്പോള്‍ ഗോവിന്ദപ്പിള്ള സ്വയം വധശിക്ഷ വിധിച്ച് മരണം സ്വീകരിച്ചു. ഇദ്ദേഹത്തിന്റെ ആത്മാവിനെയാണ് പിന്നീട് ചെറുവള്ളി ക്ഷേത്രത്തില്‍ കുടിയിരുത്തിയത് എന്നാണ് വിശ്വാസം. ചെറുവള്ളി പയ്യമ്പള്ളി കുടുംബത്തിലെ പിന്‍തലമുറയായിരുന്നു ഇദ്ദേഹം. കുടുംബദേവതയുടെ സന്നിധിയിലേക്ക് പ്രശ്‌നവിധിപ്രകാരമാണ് ജഡ്ജിയമ്മാവനെ പ്രതിഷ്ഠിച്ചത്.കോടതി, പോലീസ് കേസുകളിൽ പെടുന്നവരുടെ അവസാന അത്താണി എന്ന നിലയിലാണ് ജഡ്ജിയമ്മാവൻ ശ്രദ്ധേയനാകുന്നത്.