Spread the love

പയ്യന്നൂരില്‍ പോലീസുകാരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് വി കെ നിഷാദ് മത്സരരംഗത്ത് തുടരും.

പയ്യന്നൂര്‍ നഗരസഭയിലെ മൊട്ടമ്മല്‍ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വി കെ നിഷാദ്. സ്ഥാനാര്‍ത്ഥി ആയി പ്രചാരണരംഗത്ത് സജീവമായപ്പോഴാണ് കേസില്‍ വി.കെ നിഷാദ് ശിക്ഷിക്കപ്പെടുന്നത്. ഇതോടെ നിഷാദിന് പകരം ഡമ്മി സ്ഥാനാര്‍ത്ഥിയാണ് മത്സരരംഗത്തുണ്ടാവുകയെന്ന് പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം സിപിഎം തള്ളി. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം എം ഹരീന്ദ്രനാണ് ഡമ്മി സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചിരുന്നത്.

മത്സരിക്കുന്നതിന് നിഷാദിന് നിയമപരമായി തടസ്സമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തിരുമാനവുമായി മുന്നോട്ട് പോകുന്നത്. സ്ഥാനാര്‍ത്ഥി ജയിലിലാണെങ്കിലും പ്രവര്‍ത്തകര്‍ വാര്‍ഡില്‍ സജീവമാകും. കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.

അരിയില്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെയായിരുന്നു ബോംബേറ്. പയ്യന്നൂര്‍ ടൗണില്‍വെച്ചായിരുന്നു സംഭവം. ഐപിസി 307 സ്‌ഫോടക വസ്തു നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.

കേസില്‍ വിവിധ വകുപ്പുകളിലായി 20 വര്‍ഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയുമാണ് നിഷാദിന് ശിക്ഷ. നിഷാദിന് പുറമെ ടിസിവി നന്ദകുമാറും കേസില്‍ പ്രതിയായിരുന്നു. ഇരുവരും പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതി. തളിപ്പറമ്പ് സെഷന്‍സ് കോടതിയായിരുന്നു വിധി പ്രസ്താവിച്ചത്.