Spread the love

ഔദ്യോഗിക സന്ദർശനവേളയിൽ പോലീസ് നൽകുന്ന ഗാർഡ് ഒഫ് ഓണർ തനിക്ക് വേണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖറിനെ മുഖ്യമന്ത്രി ഇക്കാര്യം നേരിട്ടറിയിച്ചു. കഴിഞ്ഞദിവസം കണ്ണൂരിൽ എത്തി മുഖ്യമന്ത്രി ഗാർഡ് ഓഫ് ഓണർ നൽകുന്നതിനോട് പരസ്യമായി തന്നെ വിയോജിപ്പ് അറിയിച്ചിരുന്നു. അതിന്റെ തുടർച്ചയായ ആണ് ഇക്കാര്യം ഡിജിപിയെ ധരിപ്പിച്ചത്

പൊലീസിൽ ഉദ്യോഗസ്ഥർക്ക് ക്ഷാമം നേരിടുമ്പോൾ ആചാരപരമായ ചടങ്ങുകൾക്കായി സേനയെ നിയോഗിക്കേണ്ടതില്ലെന്നാണ് വി ഡി സതീശന്റെ നിലപാട്.

മുഖ്യമന്ത്രിയോടുള്ള ആദരവ് പ്രകടിപ്പിക്കാനായി ഔദ്യോഗിക വേളകളിൽ പൊലീസ് ഉദ്യോഗസ്ഥർ നിരന്നുനിന്ന് അദ്ദേഹത്തെ സ്വീകരിക്കുന്ന ചടങ്ങാണിത്. പ്രധാനമന്ത്രി, മറ്റ് രാഷ്‌ട്രത്തലവന്മാർ, സൈനിക മേധാവികൾ തുടങ്ങി വിശിഷ്‌ട വ്യക്തികളെ സ്വീകരിക്കാനും ആദരവ് പ്രകടിപ്പിക്കാനും സൈന്യമോ പൊലീസോ നൽകുന്ന ഔപചാരികവും ആചാരപരവുമായ ബഹുമതിയാണിത്.

യാത്രകളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുള്ള വലിയ വാഹനവ്യൂഹങ്ങളും അമിത സുരക്ഷാ വാഹനങ്ങളും ഒഴിവാക്കാൻ വി ഡി സതീശൻ നേരത്തെ നിർദേശം നൽകിയിരുന്നു.