Spread the love

വിജയനഗര: കർണാടകയെ നടുക്കിയ കൂട്ടക്കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിജയനഗര ജില്ലയിലാണ് സംഭവം. പണത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അക്ഷയ് ബി ജെ എന്ന യുവാവ് അച്ഛൻ ഭീം രാദ് എച്ച്, അമ്മ ജയലക്ഷ്മി, സഹോദരി അമൃത എന്നിവരെയാണ് കോട്ടൂരിൽ വച്ച് കൊലപ്പെടുത്തിയത്.

ആദ്യം ദുരഭിമാനക്കൊലയെന്ന രീതിയിലാണ് സംഭവം പുറത്ത് വന്നത്. വ്യാഴാഴ്ചയാണ് അക്ഷയ് തിലക് നഗർ പൊലീസ് സ്റ്റേഷനിൽ കുടുംബാംഗങ്ങളെ കാണാനില്ലെന്ന പരാതി നൽകിയത്. ഇയാളുടെ മൊഴിയിലെ വൈരുദ്ധ്യത്തിലുള്ള ചോദ്യം ചെയ്യലിലാണ് ക്രൂരമായ കൊലപാതക വിവരം പുറത്ത് വന്നത്.

ജനുവരി 26-നാണ് ഈ ക്രൂരമായ കൊലപാതകം നടന്നത്. പ്രതിയായ അക്ഷയ് പണത്തിനുവേണ്ടി അമ്മ ജയലക്ഷ്മിയുമായി വഴക്കിട്ടു. പണം നൽകാൻ വിസമ്മതിച്ചപ്പോൾ ദേഷ്യം വന്ന അയാൾ അമ്മയുടെ കഴുത്തറുത്ത് കൊന്നു. തുടർന്ന് അമ്മയെ കൊന്ന വിവരം പുറത്തറിയാതിരിക്കാൻ, പുറത്തുപോയിരുന്ന അനിയത്തി അമൃതയെ വിളിച്ച് ‘നിനക്കൊരു സമ്മാനം വാങ്ങിയിട്ടുണ്ട്, വേഗം വാ’ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടിലേക്ക് വരുത്തി. വീട്ടിലെത്തിയ അനിയത്തിയെയും കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഒടുവിൽ രാത്രി വീട്ടിലെത്തിയ അച്ഛൻ ഭീംരാജിനെയും കൊലപ്പെടുത്തുകയായിരുന്നു.

ചിത്രദുർഗ സ്വദേശികളായ കുടുംബം വർഷങ്ങളായി കോട്ടൂരിലാണ് താമസിച്ചിരുന്നത്. ഭീംരാജിന് കോട്ടൂരിൽ ടയർ ഷോപ്പുണ്ടായിരുന്നു.