തലയോലപ്പറമ്പ്: കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തിലെ ബിന്ദുവിന്റെ മരണം ഒരു നാടിനെ തന്നെ നടുക്കിയിരിക്കുകയാണ്. ആ കുടുംബത്തെ തീരാക്കണ്ണിരിലേക്ക് നയിച്ചത് അധികാരികളുടെ അനാസ്ഥായാണ്. തന്റെ മകന് ജോലി കിട്ടി എന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷത്തിലായിരുന്നു ആ അമ്മ. തന്റെ അമ്മയ്ക്ക് തന്നെ തന്റെ ആദ്യ ശമ്പളം നൽകണം എന്നതായിരുന്നു മകന്‍ നവനീതിന്റെ ആഗ്രഹം. എന്നാൽ ആ ആഗ്രഹം സഫലമാകുന്നതിന് മുമ്പാണ് ദുരന്തം ആ കുടുംബത്തെ തേടി എത്തിയത്.
എഞ്ചിനിയറിങ് പഠനത്തിന് ശേഷം എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തുവരികയായിരുന്നു മെഡിക്കൽകോളേജ് ആശുപത്രിയിൽ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൻ നവനീത്. കഴിഞ്ഞ ദിവസമായിരുന്നു ആദ്യത്തെ ശമ്പളം കിട്ടിയത്. അത് അമ്മയെ ഏൽപ്പിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ വിധി മറ്റൊന്നായിരുന്നു.
നിർമാണം പൂർത്തിയാകാത്ത ചെറിയ വീട്ടിലാണ് ബിന്ദുവും ഭർത്താവ് വിശ്രുതനും മക്കളായ നവമിയും നവനീതും ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിയും താമസിക്കുന്നത്. മേസ്തിരിപ്പണിക്കാരനായ വിശ്രുതന്റെയും തലയോലപ്പറമ്പിലെ വസ്ത്രശാലയിൽ ജോലി ചെയ്യുന്ന ബിന്ദുവിന്റെയും വരുമാനം കൊണ്ടാണു കുടുംബം കഴിഞ്ഞുപോന്നിരുന്നത്. നഴ്സിങ് കോളജിലെ അവസാനവർഷ വിദ്യാർഥിനിയായ നവമിക്ക് (21) ന്യൂറോ പ്രശ്നങ്ങളെത്തുടർന്നാണ് മെഡിക്കൽ കോളജിൽ ചൊവ്വാഴ്ച ചികിത്സയ്ക്ക് എത്തിയത്.
‘എനിക്കൊന്നും പറയാനില്ല, വെന്തുരുകുകയാണു ഞാൻ…. മക്കളുടെയും തന്‍റെയും അമ്മയുടേയുമടക്കം കുടുംബത്തിന്റെ എല്ലാക്കാര്യങ്ങളും നോക്കിയിരുന്നത് ബിന്ദുവായിരുന്നെന്ന് ഭർത്താവ് വിശ്രുതൻ പറഞ്ഞു.
അതേസമയം ബിന്ദുവിന്റെ സംസ്കാരം ഇന്നു തലയോലപ്പറമ്പ് ഉമാംകുന്ന് മേപ്പാട്ടുകുന്നേൽ വീട്ടുവളപ്പിൽ നടക്കും.

