തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ആഗോള പുരാവസ്തു മാഫിയയുടെ ഇടപാട് സംബന്ധിച്ച അന്വേഷണത്തിലേക്ക് നീങ്ങുന്നതിനിടെ സ്വര്‍ണകവര്‍ച്ചയിലെ പാരഡിക്കെതിരെ കേസുമായി സൈബര്‍ പോലീസ്്. തദ്ദേശതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനും എല്‍.ഡി.എഫിനും വന്‍ തിരിച്ചടിയായി മാറിയ വൈറല്‍ ഗാനം ‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ടിന്റെ അണിയറ ശില്‍പ്പികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. പാട്ടിനെതിരെ തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല നല്‍കിയ പരാതിയില്‍ മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് സൈബര്‍ തിടുക്കത്തില്‍ പൊലീസ് കേസെടുത്തത്.
ഗാനരചയിതാവ് ജി.പി. കുഞ്ഞബ്ദുല്ല, ഗായകന്‍ ഡാനിഷ് മലപ്പുറം, ഗാനം ചിത്രീകരിച്ച സി.എം.എസ് മീഡിയ, നിര്‍മാതാവ് സുബൈര്‍ പന്തല്ലൂര്‍ തുടങ്ങിയ നാലുപേരെ പ്രതിചേര്‍ത്താണ് ബുധനാഴ്ച രാത്രി തിരുവനന്തപുരം സൈബര്‍ സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രസാദിന്റെ പരാതിയില്‍ ഗാനരചയിതാവിന്റെ പേര് കുഞ്ഞുപിള്ള എന്ന് രേഖപ്പെടുത്തിയതിനാല്‍ എഫ്.ഐ.ആറിലും അതുതന്നെയാണ് ചേര്‍ത്തത്. ഭക്തിഗാനത്തെയും ശരണമന്ത്രത്തേയും അപമാനിക്കുംവിധം മതവിശ്വാസികള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തി മതസൗഹാര്‍ദം ഇല്ലായ്മ ചെയ്യുന്ന വിധമാണ് ഗാനം നിര്‍മിച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
സോഷൃല്‍ മീഡിയ വഴിയും നേരിട്ടും പ്രചരിപ്പിച്ച് സമൂഹത്തില്‍ സമാധാന ലംഘനം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെയാണ് ഗാനം നിര്‍മിച്ചതെന്നും പരാതിക്കാരനും മറ്റ് ഭക്തര്‍ക്കും മതവിശ്വാസത്തെ ദോഷകരമായി ബാധിച്ചെന്ന നിലയിലുമാണ് ഭാരതീയ ന്യായ സന്‍ഹിത (ബി.എന്‍.എസ്) 2023 പ്രകാരം 299, 353(1)(സി) വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതി എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന് കൈമാറിയിരുന്നു. പിന്നാലെ വളരെ വേഗത്തില്‍ കേരള പൊലീസിന്റെ സൈബര്‍ ഓപറേഷന്‍ വിങ്ങിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് അയ്യപ്പന്റെ പേര് പരാമര്‍ശിക്കുന്നെന്ന കാരണം നിരത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പാട്ട് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കാന്‍ തീരുമാനിച്ചതായി സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം അറിയിച്ചിരുന്നു.തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ പാരഡി ഗാനം വലിയ ഹിറ്റായതും ശബരിമല സ്വര്‍ണ്ണ കൊള്ളക്ക് പിന്നില്‍ സിപിഎംനെ കുറ്റപ്പെടുത്തുന്നതും പാര്‍ട്ടിക്ക് വലിയ അവമതിപ്പുണ്ടാക്കിയതാണ് തിടുക്കത്തില്‍ പോലീസിനെകൊണ്ട് കേസെടുപ്പിക്കാന്‍ കാരണമായത്.
പരാതിയുമായി പോകുന്നത് കോമഡിയെന്ന് പി.സി. വിഷ്ണുനാഥ് എംഎല്‍എ.
ഇന്നലെ വരെ ആവിഷ്‌കാര സ്വാതന്ത്ര്യം പറഞ്ഞവരാണ്. ഒരു പാട്ടിനെ പേടിക്കുന്ന ദുര്‍ബലമായ പാര്‍ട്ടി ആയി സിപിഎം മാറിയോയെന്നും വിഷ്ണുനാഥ് ചോദിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് കോടിക്കണക്കിന് തുകയാണ് പ്രചാരണത്തിന് ഇറക്കിയത്. ശബരിമല സ്വര്‍ണക്കവര്‍ച്ച ചര്‍ച്ചയായപ്പോഴാണ് പാരഡി പാട്ട് വന്നത്. അത് ആര് എഴുതിയതെന്ന് പോലും അറിയില്ലായിരുന്നുവെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.ജനങ്ങള്‍ക്ക് രണ്ടാമത് വോട്ട് ചെയ്യാന്‍ അവസരം ഇല്ലാത്തത് കൊണ്ടാണ്. അല്ലെങ്കില്‍ ഈ കാരണം കൂടി ചേര്‍ത്ത് സിപിഐഎമ്മിനെതിരെ വോട്ട് ചെയ്‌തേനെ. വികാരം വ്രണപ്പെടാന്‍ സാധ്യത ഉള്ളത് കട്ടവര്‍ക്ക് മാത്രമാണ്. ഇത്തരം കാര്യങ്ങള്‍ ചെയ്തു ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യര്‍ ആകരുതെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.

