Spread the love

പ്രമുഖ യൂട്യൂബറും ഇൻഫ്ലുവൻസറുമായ അഖിൽ എൻആർഡിയെ ഉപേക്ഷിച്ച് ഭാര്യ മേഘ ഒളിച്ചോടിയ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാണ്. ഭാര്യ മേഘ പ്രണയിച്ച മറ്റൊരാള്‍ക്കൊപ്പം പോയി എന്ന വാര്‍ത്ത അഖിലിനെ സ്‌നേഹിക്കുന്നവര്‍ക്കും വലിയൊരു ഷോക്ക് ആയിരുന്നു. അവളെ ആരും കുറ്റം പറയരുത്, അവള്‍ക്ക് അതായിരിക്കും ശരി എന്നാണ് അപ്പോഴും അഖില്‍ പറഞ്ഞത് എന്ന് അടുത്ത സുഹൃത്തായ സായി കൃഷ്ണ തന്റെ വീഡിയോയിലൂടെ പങ്കുവച്ചിരുന്നു.

നാവികസേനാ ജോലി ഉപേക്ഷിച്ച് കണ്ടന്റ് ക്രിയേഷൻ രംഗത്തേക്ക് കടന്നുവന്ന അഖിലിന്റെയും മേഘയുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം മാത്രമാണ് പിന്നിടുന്നത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇരുവരും സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ അഖിൽ ഉറങ്ങിക്കിടക്കുമ്പോൾ ബാഗുമായി പരിചയക്കാരനായ മറ്റൊരാളോടൊപ്പം മേഘ വീടുവിട്ടിറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. മേഘയെ കാണാനില്ലെന്ന് കാണിച്ച് അഖിൽ പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

ഇപ്പോഴിതാ ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിലെ ‘പെർഫെക്ട് കപ്പിൾ’ മിഥ്യകളെക്കുറിച്ച് ഫേസ്ബുക്ക് ഉപയോക്താവായ അനു ചന്ദ്ര പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. സമൂഹമാധ്യമങ്ങളിൽ കാണുന്നതല്ല യഥാർത്ഥ ജീവിതമെന്ന് അനു കുറിപ്പിൽ വ്യക്തമാക്കുന്നു.

അനു ചന്ദ്രയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:

“അഖിലിന്റെ ഭാര്യ ഒളിച്ചോടി. ഏത് അഖിൽ? സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറായ അഖിൽ എൻആർഡി തന്നെ. അതെന്തോ ആവട്ടെ. എനിക്ക് ഇപ്പോൾ പറയാൻ തോന്നുന്നത് സോഷ്യൽ മീഡിയയിലൊക്കെ കാണുന്ന ഈ പെർഫെക്ട് കപ്പിൾ എന്ന മിഥ്യബോധത്തെ പറ്റിയാണ്. ഇൻസ്റ്റയിലും യൂട്യൂബിലുമൊക്കെ വീഡിയോസ് കാണാം ചില പെർഫെക്ട് കപ്പിളിന്റെ. അല്ല അങ്ങനെ പെർഫെക്ട് കപ്പിൾ ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്നവരുടെ വീഡിയോസ് എന്ന് പറയുന്നതാകും കൂടുതൽ ഉചിതം. ഒരുമിച്ചുള്ള യാത്രകൾ, സർപ്രൈസുകൾ, പിറന്നാൾ ആഘോഷങ്ങൾ… സത്യമായും കാണുന്നോർക്കൊക്കെ അങ്ങ് അസൂയ വരെ തോന്നി പോകും ഇതൊക്കെ കണ്ടിട്ട്. അത്രക്ക് പെർഫെക്ട് കപ്പിളാണ് അവരൊക്കെ അവിടെ.

പക്ഷെ അതിനൊക്കെ അപ്പുറത്ത് അവർക്ക് ഒരു ജീവിതമുണ്ട്, വഴക്കുകളുണ്ട്, അഭിപ്രായവ്യത്യാസങ്ങളും, പരസ്പരം മനസിലാക്കാൻ കഴിയാതെ പോകുന്ന ദിവസങ്ങളും, ചിലപ്പോൾ ഒരേ വീട്ടിൽ ഇരുന്നിട്ടും അകന്നുപോകുന്ന നിമിഷങ്ങളുമെല്ലാമുണ്ട്. പക്ഷെ അതൊന്നും ആരും കാണുന്നില്ലല്ലോ. അവർ നമ്മളെ കാണിക്കണമെന്ന് ഉദ്ദേശിച്ച് ചിത്രീകരിക്കുന്ന രംഗങ്ങളിൽ മാത്രമെ സത്യത്തിൽ നമ്മളവരെ കാണുന്നുള്ളൂ. അവർ കാണിക്കേണ്ടെന്ന് വിചാരിച്ച രംഗങ്ങളൊന്നും നമ്മളൊട്ട് കണ്ടിട്ടുമില്ല. അതായത് ക്യാമറയ്ക്ക് മുന്നിൽ കാണിക്കുന്ന ജീവിതവും ക്യാമറയ്ക്ക് പിന്നിൽ ജീവിക്കുന്ന ജീവിതവും രണ്ടാണ്. പൂർണ്ണമായ മനുഷ്യരുമില്ല. പൂർണ്ണമായ ബന്ധങ്ങളുമില്ല. അതിനാൽ കാണുന്നത് ഒന്നിനേയും കണ്ണടച്ച് നമ്പല്ലേ.”

ക്യാമറയ്ക്ക് മുന്നിലെ തിളക്കമുള്ള ജീവിതങ്ങൾ കണ്ട് മറ്റുള്ളവരുടെ കുടുംബജീവിതം അളക്കുന്ന പ്രവണതയ്ക്ക് എതിരെ വലിയ പിന്തുണയാണ് അനുവിന്റെ കുറിപ്പിന് ലഭിക്കുന്നത്.