Spread the love

കോഴിക്കോട് : അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ടുപേര്‍ മരിച്ചു. ഓമശേരി സ്വദേശി അബൂബക്കര്‍ സിദ്ദിഖിന്റെ മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് കഴിഞ്ഞ 28 ദിവസമായി രോഗം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുഞ്ഞിന്റെ നില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

അതേസമയം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 52കാരിയും മരിച്ചു. ഇന്നലെ രാവിലെയോടെയാണ് മലപ്പുറം കാപ്പില്‍ സ്വദേശിയായ വീട്ടമ്മ റംല മരിച്ചത്. കഴിഞ്ഞ ഒരുമാസത്തോളമായി രോഗം കലശലായതിനെ തുടര്‍ന്ന് ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ കഴിഞ്ഞ മാസം 26ന് പനിയും ഛര്‍ദ്ദിയുമടക്കം വര്‍ദ്ധിക്കുകയും കഴിഞ്ഞദിവസം അന്ത്യം സംഭവിക്കുകയുമായിരുന്നു. ഇവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഖബറടക്കം നടന്നു.

വീടിനടുത്തുള്ള ഒരു കുളത്തില്‍ നിന്നാണ് റംലയ്ക്ക് രോഗം പിടിപെട്ടത്. ഈ കുളത്തില്‍ അമീബയുടെ സാന്നിദ്ധ്യം പഞ്ചായത്ത് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ജലാശയങ്ങളില്‍ ഇറങ്ങരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് പഞ്ചായത്ത് അധികൃതര്‍ നല്‍കിയിരുന്നു.