ബാലതാരമായി എത്തി തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിയായി മാറുകയായിരുന്നു മീന.
രജനികാന്ത്, കമൽഹാസൻ, മോഹൻലാൽ മമ്മൂട്ടി, ചിരഞ്ജീവി, ബാലകൃഷ്ണ, രവിചന്ദ്രൻ, സത്യരാജ് തുടങ്ങിയ ദക്ഷിണേന്ത്യൻ സിനിമയിലെ നിരവധി സൂപ്പർസ്റ്റാറുകൾക്കൊപ്പം മീന അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ മോഹൻലാലിനൊപ്പം മീന അഭിനയിച്ച ദൃശ്യം 3 റിലീസിനൊരുങ്ങുകയാണ്. ഏപ്രിൽ ആദ്യവാരം ചിത്രം തിയേറ്ററുകളിലെത്തും. അതേസമയം, മീന കേന്ദ്രകഥാപാത്രമായി എത്തുന്ന വെബ് സീരീസ് ‘സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ’ ഫെബ്രുവരി അവസാനവാരം ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗിന് ഒരുങ്ങുകയാണ്.
2009 ൽ വിദ്യാസാഗറിനെ വിവാഹം കഴിച്ച മീനയ്ക്ക് നൈനിക എന്നൊരു മകളുണ്ട്. കഴിഞ്ഞ വർഷമായിരുന്നു വിദ്യാസാഗറിന്റെ മരണം. നിലവിൽ, മകളോടൊപ്പം ഒറ്റയ്ക്ക് താമസിക്കുകയാണ് മീന. അതേസമയം, മീന രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുകയാണെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അത്തരം കിംവദന്തികൾക്ക് മറുപടി നൽകുകയാണ് മീന ഇപ്പോൾ.
ഗലാട്ട തമിഴ് വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു മീനയുടെ പ്രതികരണം. “ആളുകൾ ഇപ്പോഴും എന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ഇത് അംഗീകരിക്കാനാവില്ല. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർ എനിക്ക് ഒരു മകളുണ്ടെന്ന് മറക്കുന്നു. അവളും ഇതെല്ലാം കാണുന്നുണ്ടെന്ന് അവർ ഓർക്കുന്നില്ല. പലപ്പോഴും ഞാൻ ഈ വാർത്തകളെല്ലാം അവഗണിക്കുകയാണ്, പക്ഷേ എന്റെ ക്ഷമ എപ്പോള്‍ നശിക്കുമെന്ന് എനിക്ക് പറയാനാവില്ല.”
“ചിലര്‍ കരുതുന്നത് ഞാന്‍ ഒരു നടിയും സ്ത്രീയും ആയതിനാല്‍ എന്നെക്കുറിച്ച് എന്തും എഴുതാമെന്നാണ്. അത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ എനിക്ക് സങ്കടവും ദേഷ്യവും തോന്നാറുണ്ട്. വാര്‍ത്തകളില്‍ അല്‍പമെങ്കിലും സത്യമുണ്ടെങ്കില്‍ കുഴപ്പമില്ല. സ്വന്തം സന്തോഷത്തിനായി ഇല്ലാകഥകൾ മെനയുന്നവരോട് എനിക്ക് വെറുപ്പു തോന്നുന്നു.”
“ഞാൻ എപ്പോഴും പോസിറ്റീവായി ചിന്തിക്കുന്നു. സന്തോഷമായിരിക്കാൻ ആഗ്രഹിക്കുന്നു. മറ്റുള്ളവരെ വേദനിപ്പിക്കുന്നവർ അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരും. എന്റെ ചുറ്റുമുള്ളവർ ചെയ്ത തെറ്റുകൾക്ക് അവർ പിന്നീട് എന്തെല്ലാം ബുദ്ധിമുട്ടുകൾ അനുഭവിച്ചുവെന്ന് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അതിനാൽ അത്തരം നുണകൾ പ്രചരിപ്പിക്കുന്നവരെ കർമ്മ വെറുതെ വിടില്ല,” മീന കൂട്ടിച്ചേർത്തു.

