കരിയും കരിമരുന്നും വേണ്ട ‘! ആ പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍… നടി ലക്ഷ്മിപ്രിയ
ജീവനെടുക്കുകയും അതിന്റെ ആഘാതത്തില്‍ ജീവിതം മരണതുല്യമാകുകയും ചെയ്യുന്ന വെടികെട്ട് അപകടങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും പ്രതികരണം. ഇത്തരം ആഘോഷങ്ങള്‍ വേണമോ എന്ന നിലയിലുളള ആശങ്ക പങ്കുവെച്ചുളള കുറിപ്പുകളാണ് അധികവും. ഒരു പ്രമുഖ ദിനപത്രം ഇക്കാര്യം മുഖപ്രസംഗത്തില്‍ തന്നെ ചോദിക്കുന്നു. തൃശൂര്‍ താമസമാക്കിയ നടി ല്ക്ഷ്മിപ്രിയയും അപകട പശ്ചാത്തലത്തില്‍ എഴുതിയ കുറിപ്പ് വൈറലായി. കരിയും കരിമരുന്നും വേണ്ട ‘! ആ പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍… എന്ന ഗുരുദേവ വചനത്തോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
തൃശൂര്‍ വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ 14പേര്‍ മരിച്ച ദുരന്തത്തിന്റെയും പശ്ചാത്തലത്തില്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ മറ്റൊരു അപകടത്തിന് സാക്ഷ്യം വഹിച്ച ഭയപ്പെടുത്തുന്ന ഓര്‍മ്മകള്‍ പങ്കുവച്ച് നടി ലക്ഷ്മി പ്രിയ. 2011ല്‍ പൂമലയിലുണ്ടായ വെടിക്കെട്ട് അപകടത്തിന്റെ ഓര്‍മ്മകളാണ് താരം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചത്.
ലക്ഷ്മിപ്രിയയുടെ FB Post

‘2010 ല്‍ ആണ് ഞങ്ങള്‍ തൃശൂര്‍ മുളങ്കുന്നത്ത് കാവില്‍ വീട് വാങ്ങുന്നത്. 2011 ജൂലായ്17 ന് ഇതേ പോലെ ഒരു അപകടത്തിന് ഞങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. വീട്ടില്‍ നിന്നും നോക്കിയാല്‍ മൂന്നോ നാലോ കിലോമീറ്റര്‍ ദൂരെയുള്ള മനോഹരമായ പൂമല ഞങ്ങള്‍ക്ക് കാണാം. സായാഹ്നങ്ങളില്‍ ആ ഭംഗി ആസ്വദിച്ചു ബാല്‍ക്കണിയില്‍ ഇരുന്ന് ചായ കുടിയ്ക്കുമായിരുന്നു. ആ ദിവസം രാവിലെ ജയേഷേട്ടന്‍ ഓഫീസില്‍ പോയിട്ടില്ല. ഞാന്‍ ഷൂട്ടിങ് കഴിഞ്ഞു വന്ന് മുകളിലെ മുറിയില്‍ വസ്ത്രങ്ങള്‍ ഒതുക്കി വയ്ക്കുന്ന തിരക്കിലും. ഞങ്ങളുടെ ഹൗസിങ് കോളനിയില്‍ രാവിലെയുള്ള തിരക്കുകള്‍ കഴിഞ്ഞ നിശബ്ദത.അയല്‍ വീടുകളില്‍ പുരുഷന്‍മാര്‍ എല്ലാം ജോലിയ്ക്ക് പോയിക്കഴിഞ്ഞു. സ്ഫോടനത്തിന് മുന്‍പുള്ള നിശബ്ദത എന്ന് ശരിക്കും കേട്ടിട്ടേ ഉള്ളൂ. അല്പ്പം കഴിഞ്ഞപ്പോള്‍ അത് അക്ഷരാര്‍ത്ഥത്തില്‍ അനുഭവിച്ചു.
കാലത്ത് ഒരു പത്തരയോടെ അതി ഭീകരമായ ഒരു പൊട്ടിത്തെറി. അത് കേട്ട് ഞാന്‍ അലറി. ഈ ശബ്ദവും എന്റെ അലര്‍ച്ചയും കേട്ട് ജയേഷേട്ടന്‍ ഒറ്റ ഓട്ടത്തിന് മുകള്‍ നിലയില്‍ എത്തി. ഞങ്ങള്‍ കരുതിയത് വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു എന്നാണ്. സമനില വീണ്ടെടുക്കുന്നതിനിടയില്‍ തുടരെ ഉഗ്രസ്ഫോടനങ്ങള്‍. ആ കോളനിയിലെ മുഴുവന്‍ വീടുകളിലെയും സ്ത്രീകളും, എന്നെയും പിടിച്ചു വലിച്ച് ചേട്ടനും പുറത്തേക്ക് ഓടി. എല്ലാവരും അത് അവരവരുടെ വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ പോലെ എന്തോ ഒന്ന് പൊട്ടിത്തെറിച്ചു എന്നാണ് കരുതിയത്. ഞങ്ങള്‍ക്ക് ആര്‍ക്കും ഒന്നും മനസിലായില്ല.
എല്ലാ വീടുകളുടെയും ജനല്‍ ചില്ലുകള്‍ പൊട്ടിത്തെറിച്ചു. കുറ്റിയിട്ടിരുന്ന കതകുകള്‍ കൊളുത്ത് തെറിച്ചു പോയി..ഞങ്ങള്‍ കാര്യം മനസിലാകാതെ റോഡില്‍ പരസ്പരം വരുന്ന ദുരന്തത്തെ ഏല്‍ക്കാന്‍ കൈ കോര്‍ത്തു നിന്നു. തുടര്‍ച്ചയായി സ്ഫോടനം. തൊട്ടടുത്ത് എന്നപോലെ… എന്നാല്‍ പ്രകമ്പനവും ശബ്ദവും മാത്രമേ ഞങ്ങള്‍ അനുഭവിക്കുന്നുള്ളൂ എന്ന തിരിച്ചറിവില്‍ മനസാന്നിധ്യം വീണ്ടെടുത്ത ചേട്ടന്‍ വീട്ടിലേക്ക് ഓടി. ന്യൂസ് വച്ചു. ഞങ്ങള്‍ മനോഹാരിത അനുഭവിയ്ക്കുന്ന പൂമലയില്‍ വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചു വച്ച കെട്ടിടം പൊട്ടിത്തെറിച്ചു എന്നും നിരവധി ജീവന്‍ പൊലിഞ്ഞു എന്നും രക്ഷാപ്രവര്‍ത്തനം തുടങ്ങി എന്നും വാര്‍ത്ത.
ബാല്‍ക്കണിയിലേക്ക് ഓടി. ദൂരെ കാണാം ന്യൂസ് ചാനലുകളുടെ ഓബി വാനും, നിര നിരയായി ആംബുലന്‍സുകളും തീയും പുകയും നിറഞ്ഞ പൂമലയും. തൊട്ട് മുന്‍പ് വരെ ചിരിച്ചു കളിച്ചിരുന്ന മനുഷ്യരെ ചിന്നി ചിതറിയ രൂപത്തില്‍ പെറുക്കി കൂട്ടി ആംബുലന്‍സില്‍ കയറ്റുന്നു. തുടര്‍ സ്ഫോടനം രക്ഷാ പ്രവര്‍ത്തനം ദുസ്സഹമാക്കുന്നു, തീയണയ്ക്കാന്‍ പാടു പെടുന്ന ഫയര്‍ ഫോഴ്‌സ്…നാല് കിലോമീറ്റര്‍ അകലെ ഇതായിരുന്നു എങ്കില്‍ സംഭവ സ്ഥലം എങ്ങനെ ആയിരിക്കും എന്ന് ഊഹിച്ചു കൊള്ളുക.
ഇന്നും ഞങ്ങളുടെ വീടന് അരികെ ആണ് ഈ അപകടം ഉണ്ടായിരിക്കുന്നത്. മുണ്ടത്തിക്കോട്. ഇപ്പോള്‍ അവിടെ താമസമില്ലാത്തതിനാല്‍ സാക്ഷ്യം വഹിക്കേണ്ടി വന്നില്ല, ദൈവത്തിനു സ്തുതി. ഓരോ വെടിക്കെട്ട് അപകടവും എന്നെ ആ ദിവസത്തേക്ക് കൊണ്ടു പോകും. പിന്നീടൊരിക്കലും പൂമലയുടെ ഭംഗി ആസ്വദിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. കാണുന്നതേ പേടിയാണ്. ഗുരുദേവന്‍ പറഞ്ഞതേ എനിക്കും ഓര്‍മ്മിപ്പിക്കുവാനുള്ളൂ, ‘കരിയും കരിമരുന്നും വേണ്ട ‘! ആ പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍… വിട്ടുപിരിഞ്ഞു പോയവര്‍ക്ക് സദ്ഗതി നേരുന്നു. വിഷ്ണു പാദത്തില്‍ അഭയം ആവട്ടെ.പരിക്കേറ്റവര്‍ പെട്ടന്ന് സുഖം പ്രാപിക്കട്ടെ. ഷോക്കില്‍ നിന്നും മുക്തരാവാന്‍ സാക്ഷികള്‍ക്ക് കഴിയട്ടെ’. ലക്ഷ്മി പ്രിയ കുറിച്ചു.

