കോട്ടയം : പാമ്പാടി കുറ്റിക്കലിൽ നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിൽ ഇടിച്ചുകയറി മൂന്ന് വയസുള്ള കുട്ടിക്ക് ദാരുണാന്ത്യം. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ മല്ലപ്പള്ളി സ്വദേശികളായ ടിനു-മെറിൻ ദമ്പതികളുടെ മകൻ കീത്ത് തോമസാണ് മരണപ്പെട്ടത്.
അപകടത്തിൽ കാറിലുണ്ടായിരുന്ന കുടുംബത്തിലെ മറ്റ് 6 പേർക്കും പരിക്കേറ്റു. രണ്ട് കുട്ടികളടക്കം ഏഴ് പേരാണ് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്. എങ്ങനെയാണ് വാഹനം നിയന്ത്രണം വിട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല.
കുട്ടി സീറ്റിനടിയിലേക്ക് വീണുപോകുകയായിരുന്നുവെന്നാണ് വിവരം. കാറിലുണ്ടായിരുന്ന ടിനു, മെറിൻ, മാത്യു, ശോശാമ്മ, ലൈസമ്മ, കിയാൻ എന്നിവർക്ക് പരിക്കേറ്റു. കുട്ടിയുടെ മൃതദേഹം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിക്കൽ സെൻറ് തോമസ് എൽപി സ്കൂളിന്റെ മതിലിലേക്കാണ് കാർ ഇടിച്ചുകയറിയത്. മെറിന്റെ സഹോദരിയുടെ കുഞ്ഞിൻ്റെ മാമോദീസ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിവരവെയാണ് ഈ ദാരുണ സംഭവം.
പാമ്പാടി ഭാഗത്ത് നിന്നും മല്ലപ്പള്ളി ഭാഗത്തേക്ക് പോവുകയാരുന്ന നെക്സോൺ കാറാണ് നിയന്ത്രണം വിട്ട് സ്കൂൾ മതിലിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ കാറിൽ നിന്നും പുക ഉയർന്നതു ഏറെ പരിഭ്രാന്തി പരത്തി. ഇത് കണ്ട് ഓടിക്കൂടിയ നാട്ടുകാർ കാറിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ച് പാമ്പാടി താലൂക്ക് ആശുപത്രിയിലേക്കും ഇവിടെ നിന്നും കാരിത്താസിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി.
അതേസമയം വാഹനം ഓടിച്ചിരുന്ന കുട്ടിയുടെ മാതൃ പിതാവിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴുന്നതിനെ തുടർന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് വിവരം

