Spread the love

തിളങ്ങുന്ന സിൽവർ ഗൗണും കൈയിൽ പൂച്ചെണ്ടുമായി വേദിയിലെത്തിയ 37കാരി ചോ സ്യൂങ് യോണിനെ സുഹൃത്തുക്കൾ സ്വീകരിച്ചത് ആർപ്പുവിളികളോടെയും കൈയടികളോടെയുമാണ്. ആറു വയസ്സുള്ള ഇരട്ടക്കുട്ടികളുടെ അമ്മയായ ചോ ആഘോഷിച്ചത് വിവാഹമല്ല, സ്വന്തം വിവാഹമോചനമാണ്! ദക്ഷിണ കൊറിയയിലെ സിയോളിലുള്ള ബുക്‌ചോൺ ഹനോക് വില്ലേജിൽ സംഘടിപ്പിച്ച ഡിവോഴ്‌സ് പാർട്ടിയിൽ വിരുന്നും കേക്ക് മുറിക്കലും കരിമരുന്ന് പ്രയോഗവും നൃത്തവുമെല്ലാം ഉണ്ടായിരുന്നു.

പരമ്പരാഗത കൊറിയൻ വിവാഹച്ചടങ്ങുകളുടെ മാതൃകയിലായിരുന്നു ആഘോഷം. എന്നാൽ വിവാഹപ്രതിജ്ഞയ്ക്ക് പകരം ജീവിതത്തിൽ ഇനി പിന്തുടരാൻ ആഗ്രഹിക്കുന്ന അഞ്ച് കാര്യങ്ങൾ ചോ പ്രഖ്യാപിച്ചു. സ്വന്തം വ്യക്തിത്വം കൈവിടാതിരിക്കുക, മനസ്സിന്റെ ശബ്ദം വിശ്വസിക്കുക, സന്തോഷം മാറ്റിവയ്ക്കാതിരിക്കുക എന്നിവയായിരുന്നു അതിൽ പ്രധാനം.

വിവാഹമോചനത്തെ പരാജയമായല്ല, പുതിയൊരു ജീവിതത്തിന്റെ തുടക്കമായാണ് ചോ കാണുന്നത്. വിവാഹമോചനത്തിനു ശേഷവും സന്തോഷത്തോടെ ജീവിക്കുന്ന സ്ത്രീകളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് തന്റെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.

ദക്ഷിണ കൊറിയയിൽ ഇത്തരം ഡിവോഴ്‌സ് പാർട്ടികൾക്ക് പ്രചാരം വർധിക്കുകയാണ്. വിവാഹമോചനവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവരും പ്രത്യേക കേക്കുകൾ ഓർഡർ ചെയ്യുന്നവരും ഏറെയാണ്. ഹാൻകൂകേ റിസർച്ചിന്റെ സർവേ പ്രകാരം 85 ശതമാനം പേരും വിവാഹമോചനം അംഗീകരിക്കപ്പെടേണ്ട ഒന്നാണെന്ന് കരുതുന്നു.

എന്നാൽ വിവാഹമോചനം ആഘോഷിക്കുന്നത് മുൻപങ്കാളിയോടുള്ള അനാദരവാണെന്ന് വിമർശിക്കുന്നവരുമുണ്ട്. വിവാഹം ആഘോഷിക്കാമെങ്കിൽ പുതിയ ജീവിതത്തിലേക്കുള്ള തുടക്കവും ആഘോഷിച്ചുകൂടേയെന്നാണ് ചോയുടെ ചോദ്യം.