Spread the love

വിട്ടുമാറാത്ത ചുമയും ആവർത്തിച്ചുള്ള ശ്വാസകോശ അണുബാധകളും കാരണം ആശുപത്രിയിലെത്തിയ 72കാരനെ കാത്തിരുന്നത് അപ്രതീക്ഷിത കണ്ടെത്തൽ. ശ്വാസകോശത്തിൽ ട്യൂമറുണ്ടാകാമെന്നായിരുന്നു ഡോക്ടർമാരുടെ ആദ്യ സംശയം. എന്നാൽ വിശദമായ പരിശോധനയിൽ കണ്ടെത്തിയത് മൂന്ന് വർഷത്തോളം ശ്വാസനാളത്തിൽ കുടുങ്ങിക്കിടന്ന ഒരു പല്ല്! അപൂർവമായ ഈ സംഭവം 2026 ഒക്ടോബർ 31ന് ‘ദി ഈജിപ്ഷ്യൻ ജേണൽ ഓഫ് ബ്രോങ്കോളജി’യിൽ പ്രസിദ്ധീകരിച്ചു.

മാസങ്ങളായി കഫത്തോടെയുള്ള ചുമയും ശ്വാസകോശ അണുബാധകളും വയോധികനെ അലട്ടിയിരുന്നു. ആന്റിബയോട്ടിക് ചികിത്സ നൽകിയിട്ടും കാര്യമായ പുരോഗതിയുണ്ടായില്ല. തുടർന്ന് നടത്തിയ സിടി സ്കാനിൽ വലത് ശ്വാസകോശത്തിലെ താഴ്ഭാഗത്തെ ശ്വാസനാളത്തിൽ തടസ്സം കണ്ടെത്തി. ബ്രോങ്കോസ്കോപ്പി പരിശോധനയിൽ രക്തക്കുഴലുകൾ നിറഞ്ഞ വളർച്ച കണ്ടതോടെ കാർസിനോയ്ഡ് ട്യൂമറാണെന്ന് ഡോക്ടർമാർ സംശയിച്ചു.

എന്നാൽ വളർച്ച നീക്കം ചെയ്യുന്നതിനിടെ അതിനുള്ളിൽ കട്ടിയുള്ള വെളുത്ത വസ്തു കണ്ടെത്തി. പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെ പുറത്തെടുത്തപ്പോഴാണ് അത് ഒരു പല്ലാണെന്ന് വ്യക്തമായത്.

മൂന്ന് വർഷം മുമ്പ് ബോധക്ഷയമുണ്ടായ സമയത്ത് ഒരു പല്ല് നഷ്ടപ്പെട്ടതായി വയോധികൻ ഓർത്തെടുത്തു. അന്ന് പല്ല് ശ്വാസനാളത്തിൽ എത്തിയതാകാമെന്നാണ് ഗവേഷകരുടെ നിഗമനം. നീക്കംചെയ്ത കോശങ്ങളുടെ പരിശോധനയിൽ കാൻസർ സ്ഥിരീകരിച്ചില്ല. ചികിത്സയ്ക്കുശേഷം ചുമ കുറഞ്ഞതായും ശ്വാസനാളത്തിലെ തടസ്സം നീങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു.