ബെംഗളൂരു∙ വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രതിശ്രുത വധുവിനും ബന്ധുവായ വിദ്യാർഥിനിക്കും ദാരുണാന്ത്യം. വിവാഹക്ഷണക്കത്ത് നൽകാനായി വീട്ടിൽനിന്നിറങ്ങിയ ഇരുവരും ലോറിയിടിച്ചാണ് മരിച്ചത്. ബെംഗളൂരു സ്വദേശിനിയും സോഫ്റ്റ്വെയർ എൻജിനീയറുമായ സിന്ധുശ്രീ (29), ബന്ധുവും അവസാന വർഷ ഡിപ്ലോമ വിദ്യാർഥിനിയുമായ വിദ്യ (19) എന്നിവരാണ് മരിച്ചത്. ദീപാംജലിനഗറിലായിരുന്നു അപകടം. വിവാഹവീട്ടിലെ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയുണ്ടായ ദുരന്തം കുടുംബത്തെ കണ്ണീരിലാഴ്ത്തി.
വ്യാഴാഴ്ച സിന്ധുശ്രീയുടെ ഹൽദി, വളയിടൽ ചടങ്ങുകൾ നടക്കാനിരിക്കുകയായിരുന്നു. ഞായറാഴ്ച വിവാഹസൽക്കാരവും നിശ്ചയിച്ചിരുന്നു. ഇതിനായുള്ള ഒരുക്കങ്ങൾക്കിടെയാണ് ബന്ധുവിന് ക്ഷണക്കത്ത് നൽകാൻ സിന്ധുശ്രീയും വിദ്യയും വീട്ടിൽനിന്ന് പുറപ്പെട്ടത്. അയൽവാസിയുടെ സ്കൂട്ടറിലായിരുന്നു യാത്രയെന്ന് പൊലീസ് പറഞ്ഞു.
ദീപാംജലിനഗറിൽവച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരുടെയും ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങിയെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. അപകടത്തിൽ ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
അപകടത്തിന് പിന്നാലെ ലോറി ഡ്രൈവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മകളുടെ വിവാഹത്തിനായി ദിവസങ്ങളായി ഒരുക്കങ്ങൾ നടത്തിയിരുന്ന പിതാവ് നഞ്ചുണ്ടപ്പയുടെ വാക്കുകൾ ദുഃഖം ഇരട്ടിയാക്കി. ‘ഇന്ന് എന്റെ മകളുടെ ഹൽദി ചടങ്ങുകൾ നടക്കേണ്ടതായിരുന്നു. എന്നാൽ ഇപ്പോൾ അവളെ ചിതയിലേക്കയക്കാനുള്ള ഒരുക്കത്തിലാണ് ഞാൻ. ഞായറാഴ്ചയായിരുന്നു വിവാഹസൽക്കാരം. വീട് മുഴുവൻ കല്യാണത്തിരക്കിലായിരുന്നു. ഇപ്പോൾ എല്ലാം തീർന്നു’ — മോർച്ചറിക്ക് മുന്നിൽ നഞ്ചുണ്ടപ്പ കണ്ണീരോടെ പറഞ്ഞു.

