കാത്തിരിപ്പിന് വിരാമം: എംസി റോഡില്‍ കോട്ടയം നഗരകവാടത്തില്‍ രണ്ടാം പാലം തുറന്നു
കോട്ടയം: റോഡ് നിര്‍മാണത്തില്‍ ജല അതോറിട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശാശ്വത പരിഹാരം കാണാന്‍ നവംബര്‍ 20ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേരുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍. എം.സി. റോഡില്‍ (ദേശീയപാത 183) നിര്‍മാണം പൂര്‍ത്തിയായ ?കോടിമത രണ്ടാം പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കല്‍ വെല്ലുവിളിയാണ്. സ്ഥലമേറ്റെടുപ്പ് നടപടികള്‍ വേഗത്തിലാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണം വേണം. സ്ഥലം ലഭ്യമാകാത്തതിനാല്‍ നിര്‍മാണം പൂര്‍ത്തിയായിട്ടും അപ്രോച്ച് റോഡുകള്‍ പൂര്‍ത്തിയാക്കാനാകാത്ത സാഹചര്യമുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂട്ടായ ഇടപെടല്‍ വേണം.
ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടെ എല്ലാ റോഡുകളും മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിച്ചായിരിക്കും പ്രവൃത്തികള്‍ ഏറ്റെടുക്കുക. ആറുതവണ ടെന്‍ഡര്‍ ചെയ്തിട്ടും കരാറുകാര്‍ ഏറ്റെടുക്കാത്ത പ്രവൃത്തികള്‍ പോലുമുണ്ട്. ഇത്തരം തടസങ്ങള്‍ മറികടന്ന് നിര്‍മാണപ്രവൃത്തികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ നടപടികള്‍ സ്വീകരിക്കും.
പൊതുമരാമത്ത് വകുപ്പാണ് കേരളത്തില്‍ ഇന്നു കാണുന്ന വിപ്ലവകരമായ മാറ്റങ്ങളൊക്കെ കൊണ്ടുവന്നത്. പൊതുമരാമത്ത് പ്രവൃത്തികളുടെ രൂപകല്‍പനയും എസ്റ്റിമേറ്റും തയ്യാറാക്കുന്നതില്‍ പരിചയസമ്പന്നരായ എന്‍ജിനീയര്‍മാരുടെ വൈദഗ്ധ്യം പരമാവധി പ്രയോജനപ്പെടുത്തണം. പുതിയ ജംഗ്ഷന്‍ വികസന പദ്ധതികള്‍, ബൈപ്പാസുകള്‍, പാലങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ വകുപ്പിന്റെ പരിഗണനയിലുണ്ട്. സംസ്ഥാനത്ത് 350 പുതിയ പാലങ്ങള്‍ നിര്‍മിക്കും. പൊതുമരാമത്ത് വകുപ്പിനു കീഴിലുളള റോഡില്‍ ശേഷിക്കുന്ന 13000 കിലോമീറ്റര്‍ കൂടി ബി.എം.ബി.സി നിലവാരത്തിലാക്കുമെന്നും മന്ത്രി പി.കെ. ബഷീര്‍ പറഞ്ഞു.
കോടിമത പുതിയ പാലത്തിനു സമീപം നടന്ന ഉദ്ഘാടണ ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കോട്ടയം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കഞ്ഞിക്കുഴി മേല്‍പ്പാലം യാഥാര്‍ഥ്യമാക്കണമെന്ന് അധ്യക്ഷപ്രസംഗത്തില്‍ സ്പീക്കര്‍ പൊതുമരാമത്ത് വകുപ്പുമന്ത്രിയോട് അഭ്യര്‍ഥിച്ചു.
അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, കോട്ടയം നഗരസഭ അധ്യക്ഷന്‍ എം.പി. സന്തോഷ് കുമാര്‍, വൈസ് ചെയര്‍പേഴ്സണ്‍ ഷീബ പുന്നന്‍, വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി വര്‍ഗീസ്, കോട്ടയം നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ സനല്‍ കാണക്കാലില്‍, എസ്. ഗോപന്‍, കെ.കെ. പ്രസാദ്, സാലി മാത്യു, ബിന്‍സി സെബാസ്റ്റ്യന്‍, നഗരസഭാംഗങ്ങളായ ലീന ജയചന്ദ്രന്‍, രഞ്ജിമോന്‍, ടി.എന്‍. ഹരികുമാര്‍, പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം ദക്ഷിണമേഖല സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഐ. റംലാബീവി, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.ജി. റാണി വിജയലക്ഷ്മി, കോട്ടയം തഹസില്‍ദാര്‍ സിറില്‍ സഞ്ജു ജോര്‍ജ്, രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.
നാട്ടകം ഭാഗത്തുള്ള പാലത്തിന്റെ മറുകരയില്‍ നിന്ന് നാടമുറിച്ച് വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെയാണ് വിശിഷ്ടാതിഥികള്‍ സമ്മേളനപ്പന്തലില്‍ എത്തിയത്.

