Spread the love

തിരുവനന്തപുരം∙ തിരുവനന്തപുരത്ത് 17കാരനെ കൊലപ്പെടുത്തി ചാക്കിൽക്കെട്ടി തള്ളിയ കേസിൽ പെൺസുഹൃത്തിനെയും പ്രായപൂർത്തിയാകാത്ത മറ്റൊരാളെയും കസ്റ്റഡിയിലെടുത്തു. മൃതദേഹം ഒളിപ്പിക്കാൻ ഇവർ വിളിച്ചുവരുത്തിയ, ക്രിമിനൽ പശ്ചാത്തലമുള്ള ഉമർ എന്നയാളെയും പിടികൂടിയിട്ടുണ്ട്.

പെൺസുഹൃത്തിനെച്ചൊല്ലിയുള്ള തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പൊലീസ് പറഞ്ഞു.

കൊലപാതകം നടത്തിയ 17കാരനും 16കാരിയായ പെണ്‍കുട്ടിയും തമ്മില്‍ അടുത്ത സൗഹൃദത്തിലായിരുന്നെന്നാണ് വിവരം. അഭിരാം പെണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാമിലൂടെ മോശം സന്ദേശങ്ങള്‍ അയക്കുന്നത് ചോദ്യം ചെയ്യാനാണ് വിളിച്ചുവരുത്തിയതെന്നും തര്‍ക്കത്തിനിടയില്‍ കൊലപാതകം സംഭവിച്ചെന്നുമാണ് ആദ്യ ഘട്ടത്തില്‍ പുറത്തുവന്ന വിവരം.

എന്നാല്‍, പെണ്‍കുട്ടിക്ക് മോശം സന്ദേശങ്ങളയച്ചിരുന്നത് അഭിരാമിന്റെ സുഹൃത്താണെന്നാണ് പ്രതികള്‍ ഇപ്പോള്‍ പൊലീസിനോട് പറയുന്നത്. ഈ സുഹൃത്തിനെ വിളിച്ചുവരുത്തുന്നതിനായി അഭിരാമിനെ ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം.

എന്നാല്‍, തര്‍ക്കത്തിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു. കസ്റ്റഡിയിലുള്ളവരുടെ മൊഴി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ബെൽറ്റ് ഉപയോഗിച്ചു കഴുത്തു മുറുക്കി കൊലപ്പെടുത്തിയെന്നാണു കസ്റ്റഡിയിലുള്ള കൗമാരക്കാരൻ പൊലീസിനു നൽകിയ മൊഴി.

അച്ഛനും മുത്തശ്ശിക്കും ഒപ്പമാണ് അഭിരാമിന്റെ താമസം. അമ്മയും സഹോദരിയും വിദേശത്താണു ജോലി ചെയ്യുന്നത്.

ആസൂത്രിത കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയിട്ടില്ല. ഭയപ്പെടുത്താൻ വിളിക്കുകയും ഇതിനിടെയുണ്ടായ സംഘർഷത്തിൽ അഭിരാം കൊല്ലപ്പെട്ടുമെന്നുമാണു പ്രാഥമിക വിലയിരുത്തൽ. ശ്വാസകോശ സംബന്ധമായ അസുഖമുള്ള ആളാണ് അഭിരാമെന്നു ബന്ധുക്കൾ പറഞ്ഞു.വിശദമായ അന്വേഷണങ്ങള്‍ക്കും സ്ഥിരീകരണങ്ങള്‍ക്കും ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി.